മേപ്പാടി: താമരശ്ശേരി ചുരത്തിന് ബദലായി നിർമ്മിക്കുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയേറുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടങ്ങളായ വയനാട് കള്ളാടിയിലും കോഴിക്കോട് മറിപ്പുഴയിലും റോഡ് നിർമ്മാണം ആരംഭിച്ചു.
വയനാട് ഭാഗത്ത് തുരങ്കം ആരംഭിക്കുന്ന കള്ളാടി മീനാക്ഷിയിൽ, പാറ തുരക്കുന്ന സ്ഥലത്തേക്ക് 300 മീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. മീനാക്ഷി പാലത്തിന് സമീപത്തുനിന്ന് ഒരേസമയം നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പണികൾ നടക്കുന്നത്. നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതിനായി നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിച്ച് രണ്ട് ഏക്കറോളം സ്ഥലം നിരപ്പാക്കുന്നുണ്ട്.
കഴിഞ്ഞ മാസം ആദ്യവാരം തന്നെ വയനാട് ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും, കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളും എത്തിച്ച് കഴിഞ്ഞ ആഴ്ചയോടെയാണ് നിർമ്മാണത്തിന് വേഗത കൈവന്നത്. ഭോപ്പാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് (DBL) ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നൂറോളം തൊഴിലാളികളാണ് നിലവിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവർക്കായി താൽക്കാലിക താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തെ മറിപ്പുഴയിൽ പാലം നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക്, ഇരുവശത്തുനിന്നും ഒരേസമയം തുരങ്ക നിർമ്മാണം ആരംഭിക്കാനാണ് പദ്ധതി. തുരങ്കം നിർമ്മിക്കുന്നതിനാവശ്യമായ കൂറ്റൻ യന്ത്രങ്ങൾ അടുത്ത മാസത്തോടെ എത്തിക്കും. റോഡ് നിർമ്മാണം പൂർത്തിയാക്കി, വരുന്ന ജനുവരിയോടെ തുരങ്ക നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
മലബാറിന്റെ വികസനത്തിന് കുതിപ്പേകുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം 2030-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
