വയനാട് ജില്ലാ സ്പെക്ട്രം ജോബ് ഫെയർ സമാപിച്ചു

കൽപറ്റ: വയനാട് ജില്ലയിലെ ഐടിഐ വിദ്യാർഥികൾക്കായി പുളിയാർമല കെഎംഎം ഗവ. ഐടിഐയിൽ സംഘടിപ്പിച്ച സ്പെക്ട്രം ജോബ് ഫെയർ 2025 സമാപിച്ചു.

വയനാട് ജില്ലയിലെ 692 ഐടിഐ സീറ്റുകളിൽ വിവിധ ട്രേഡുകളിലായി 650 പേർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിൽ 490 പേർ ഇതിനകം തൊഴിൽ നേടുകയും ചെയ്തു. ബാക്കിയുള്ള വിദ്യാർഥികൾക്കും മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ , ഡിഡബ്ല്യുഎംഎസ് എന്നിവയുമായി സഹകരിച്ച് നടത്തിയ തൊഴിൽ മേളയിൽ 22 കമ്പനികൾ പങ്കെടുക്കുകയും 149 പരിശീലനാർഥികൾ ഇന്റർവ്യൂവിൽ പങ്കെടുക്കുകയും ചെയ്തു. ഇതിൽ 52 പേർക്ക് സെലക്ഷൻ ലഭിക്കുകയും 85 പേർ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കൽപറ്റ മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ സി എസ് ശ്രീജിത്ത് ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി. ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിങ് വികാസ് .എസ് സ്വാഗതം പറഞ്ഞു. കൽപറ്റ ഗവണ്മെന്റ് ഐടി ഐ പ്രിൻസിപ്പൽ ശ്രീജ എസ്.എൻ. നന്ദി പ്രകാശനം നടത്തി. മേഖല ജോയിന്റ് ഡയറക്ടർ സുധാ ശങ്കർ .ആർ. മുഖ്യാതിഥിയായിരുന്നു.

പരിപാടിയുടെ ഭാഗമായി ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മെക്കാനിക് ഡീസൽ ട്രേഡിൽ ദേശീയ ടോപ്പർ അഖിൽദേവ് പി.ആർ.-നെയും ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് ട്രേഡിൽ മുഴുവൻ മാർക്ക് നേടി ദേശീയ ടോപ്പർമാരായ ഷഹാന ഷെറിൻ, ഫർഹാന ഫാത്തിമ എം.കെ. എന്നിവരെയും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകി അനുമോദിച്ചു.

രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടുനിന്ന ജോബ് ഫെയറിൽ നിർമാണ മേഖല, ഹോസ്പിറ്റാലിറ്റി വ്യവസായം, ഐടി/ടെക്നോളജി, മാനുഫാക്ചറിങ്, റീട്ടെയിൽ & സേവന മേഖല എന്നിവയിൽ നിന്നുള്ള പ്രമുഖ കമ്പനികൾ പങ്കെടുത്തു.

കെഎംഎം ഗവൺമെന്റ് ഐടിഐ കൽറ്റ, നെന്മേനി ഗവൺമെന്റ് (വനിതാ) ഐടിഐ, ഗവൺമെന്റ് ഐടിഐ വെള്ളമുണ്ട, മാർ അത്തനേഷ്യസ് പ്രൈവറ്റ് ഐടിഐ, എൽഡൊറാഡോ പ്രൈവറ്റ് ഐടിഐ, ഐടെക് പ്രൈവറ്റ് ഐടിഐ ബത്തേരി എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *