സമഗ്രവും സുസ്ഥിരവുമായ വികസന നേട്ടങ്ങളുമായി സുൽത്താൻ ബത്തേരി നഗരസഭയുടെ വികസന സദസ്സ്

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ സമഗ്രവും സുസ്ഥിരവുമായ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് വികസന സദസ്സ്.

സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ സംഘടിപ്പിച്ച വികസന സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ സംവിധാനത്തിൽ അടിയുറച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ഭാവിയിലെ വികസന സങ്കൽപ്പങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് വികസന സദസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണ കാലയളവിൽ നഗരസഭ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന മുന്നേറ്റങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

 

 

വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മയും കുട്ടികളുടെ സമഗ്ര വളർച്ചയും ലക്ഷ്യമാക്കി ‘ഡ്രോപ്പ് ഔട്ട് ഫ്രീ’ പദ്ധതി വിജയകരമായി നടപ്പാക്കി. ഇതിലൂടെ പഠനം മുടക്കുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാനും സ്കൂൾ പ്രവേശനം ഉറപ്പാക്കാനും സാധിച്ചു.

സ്റ്റുഡന്റ്സ് കൗൺസിൽ പദ്ധതികൾ മുഖേന വിദ്യാർത്ഥികളിൽ നേതൃഗുണങ്ങൾ വളർത്തുകയും ‘ഹാപ്പിനസ് കോർണർ’ സ്ഥാപിച്ച് മാനസികാരോഗ്യത്തിനും സൗഹൃദപരമായ പഠനാന്തരീക്ഷത്തിനും പ്രാധാന്യം നൽകി.

കുട്ടികൾക്ക് സ്കൂൾ പ്രിയപ്പെട്ട ഇടമാക്കുന്നതിനായി “ഒരു സ്കൂൾ – ഒരു കായിക ഇനം” പദ്ധതി നടപ്പിലാക്കി. ഇതിലൂടെ ഓരോ സ്കൂളും കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് ഒരു കായിക ഇനം തിരഞ്ഞെടുക്കുകയും അതിൽ നൈപുണ്യം വികസിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാർത്ഥികളുടെ ഭാഷാ മികവിനായി ഗുഡ് ഇംഗ്ലീഷ് ക്ലാസ് ശാസ്ത്രാവബോധത്തിനും സൃഷ്ടിപരമായ ചിന്തയ്ക്കുമായി ‘സ്പെയിസ്’ പദ്ധതിയും, ഉയർന്ന പഠനലക്ഷ്യങ്ങൾക്കായി ‘ഫ്ലൈ ഹൈ’ പദ്ധതിയും നടപ്പിലാക്കി.

വിശേഷാവശ്യങ്ങളുള്ള കുട്ടികൾക്കായി സ്പീച്ച് & ഹിയറിംഗ് തെറാപ്പിയും കോക്ലിയർ ഇംപ്ലാൻ്റേഷൻ മെയിൻറനൻസ് പദ്ധതിയും നടപ്പാക്കി.

ഭിന്നശേഷിക്കാരുടെ സഞ്ചാരസൗകര്യത്തിനായി നഗരസഭാ ഓഫീസിലും വയോജന പാർക്കിലും വീൽചെയർ സംവിധാനം ഒരുക്കി.

സാമൂഹിക നീതി ഉറപ്പാക്കുന്ന നിലപാടായി ട്രാൻസ്ജെൻഡർ സമൂഹത്തിന് മേക്കപ്പ് കിറ്റ്, തയ്യൽ മെഷീൻ തുടങ്ങിയവ വിതരണം ചെയ്തു.

വിശപ്പ് രഹിത നഗരസഭ പദ്ധതിയും ശ്രെദ്ധേയമായി.

മത്സ്യകൃഷി ചെയ്യുന്നതിന് താൽപര്യമുള്ള കർകരെ കണ്ടെത്തി സബ്‌സിഡി നിരക്കിൽ ധനസഹായം നൽകി. ബയോബ്ലോക്ക്, മുറ്റത്തൊരു മീൻന്തോട്ടം, പടുതാകുളം തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ നഗരസഭ നടപ്പാക്കി.

വ്യവസായ വകുപ്പും, കുടുംബശ്രീയും ചേർന്ന് തുടങ്ങിയ സംരംഭങ്ങളുടെ മികവ് കണക്കിലെടുത്ത് സംരംഭമേഖലയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നഗരസഭയ്ക്ക് ലഭിച്ചു.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകി. കൂടാതെ നൈപുണ്യ വികസനത്തിനായി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുകയും ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകുകയും ചെയ്‌തുവരുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളുകളെ മെഡിക്കൽ ക്യാമ്പിൽ എത്തിച്ചു പരിശോധിക്കുകയും ഓരോരുത്തർക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ ഏതെന്നു കണ്ടെത്തി വിതരണം ചെയ്യാനും കഴിഞ്ഞു.

ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചു വർഷംകൊണ്ട് 1608 വീടുകൾ നൽകാൻ സാധിച്ചു.

ആരോഗ്യ, സാമൂഹികക്ഷേമ മേഖലകളിലെ നേട്ടങ്ങൾ

ആർദ്രം മിഷനിലൂടെ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ 7 സബ് സെന്ററുകൾ ആരംഭിച്ചു. ഈ സബ് സെന്ററുകൾ ഹെൽത്ത് & വെൽനസ് സെന്ററുകളായി ഉയർത്തി.

 

ആയുർവേദ ആശുപത്രി മുഖേന ജനനീസുരക്ഷ, കുമാരി സുരക്ഷ, വയോ അമൃതം തുടങ്ങിയ പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് ആയുർവേദ മരുന്നുകൾ നൽകുന്നു. കുട്ടികൾക്കായുള്ള കുത്തിവയ്പ്പ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലും, വിവിധ മെഡിക്കൽ ക്യാമ്പുകളിലൂടെയും നഗരസഭ സജീവമായി പ്രവർത്തിക്കുന്നു.

അങ്കണവാടികൾ മുഖേന കൗമാരക്കാർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയവർക്ക് പോഷകാഹാരം വിതരണം ചെയ്യുന്നു.

വയോജന ക്ഷേമ പദ്ധതികൾ മുഖേന മുതിർന്ന പൗരന്മാരുടെ മാനസിക ഉല്ലാസത്തിനായി നഗരസഭ നിരവധി പരിപാടികൾ വിജയകരമായി നടപ്പാക്കി.

കൃഷി മേഖലയിൽ, വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്താനുള്ള പദ്ധതികൾ നടപ്പാക്കി. സ്കൂളുകൾക്ക് ആവശ്യമായ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. ‘അറയും മുറവും നിറയും’ പദ്ധതിയിലൂടെ വീടുകളിലെ വിഷ രഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിച്ചു.

ക്ഷീരകർഷകർക്ക് തൊഴിൽ ഉറപ്പ് പദ്ധതിയിലൂടെ 31400 രൂപ സഹായം നൽകി, 37 തൊഴുത്തുകൾ വിതരണം ചെയ്തു.

പ്രതിരോധ കുത്തിവയ്പ്പ് വഴി തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുകയും കുരങ്ങ് പനി നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. മൃഗാശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്തി മൃഗചികിത്സാ സേവനം കൂടുതൽ കാര്യക്ഷമമാക്കി.

 

ഓപ്പൺ ഫോറത്തിൽ നഗരസഭയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങൾ ഉയർന്നു വന്നു. വാർഡുകൾ കേന്ദ്രീകരിച്ച് വയോജനങ്ങൾക്കായി പകൽവീട് നിർമ്മിക്കുക, മിനി ബൈപാസിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് റോഡ് നിർമ്മാണം നടത്തുക, ചിതലയം വെള്ളച്ചാട്ടം തുറന്ന് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവ ആവശ്യപ്പെട്ടു. നഗരസഭയുടെ പരിധിയിലുള്ള എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്നും ബത്തേരി ഗവൺമെന്റ് കോളേജ് യാഥാർത്ഥ്യമാക്കണമെന്നും അഭിപ്രായപ്പെട്ടു. വിവിധ സംരംഭങ്ങളിലൂടെ എല്ലാവർക്കും ഉപജീവനമാർഗം ഉറപ്പാക്കണം, നഗരസഭയിൽ ഷീലോഡ്ജ് സ്ഥാപിക്കണം, ലഹരി വിരുദ്ധ സേന രൂപീകരിക്കണം, കൃഷിഭവനിൽ നിന്ന് മണ്ണും ജലവും പരിശോധിക്കുന്ന പദ്ധതി നടപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഫോറത്തിൽ ഉയർന്നു വന്നു.

 

പരിപാടിയിൽ വിവിധ മേഖലകളിൽ മികച്ച സംഭാവന നടത്തിയ വ്യക്തികളെയും സംഘങ്ങളും ആദരിച്ചു. പി.എം.എ.വൈ. ഗുണഭോക്താക്കൾക്ക് വീടുകൾക്കായി സ്ഥലം വിട്ടുനൽകിയ ശിവരാജൻ, ശിവദാസൻ മാസ്റ്റർ, മിനി ബൈപാസിനായി സ്ഥലം വിട്ടുനൽകിയ കക്കോടൻ ഖാദർ എന്നിവർക്കു പ്രത്യേക ആദരം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്ത സ്ഥാപനങ്ങൾ, ആശാവർക്കർമാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവരെയും ആദരിച്ചു. അരങ്ങ് കലോത്സവത്തിൽ മികവ് തെളിയിച്ച കുടുംബശ്രീ പ്രവർത്തകരെയും, മികച്ച സംസ്ഥാനതല ഓക്സിലറി ഗ്രൂപ്പായ ധ്വനി ഗ്രൂപ്പിനെയും, മികച്ച അയൽക്കൂട്ടമായ പൗർണമിയെയും ചടങ്ങിൽ അനുമോദിച്ചു.

 

നഗരസഭ ചെയർമാൻ ടി കെ രമേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലിഷ ടീച്ചർ, കെ ആർ റഷീദ്, സി കെ സഹദേവൻ, ഷാമില ജുനൈസ്, ടോം ജോസ്, സാലി പൗലോസ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ്‌ കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വിമൽരാജ്, ഡെപ്യൂട്ടി ടൗൺ പ്ലാനർ ചന്ദ്രബോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *