പിന്നാക്ക വിഭാഗക്കാർ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണം: മന്ത്രി ഒ.ആർ. കേളു

പിന്നാക്ക വിഭാഗക്കാർ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണം: മന്ത്രി ഒ.ആർ. കേളു

പിന്നാക്ക വിഭാഗക്കാര്‍ ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. പനമരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കൂവമൂലക്കുന്ന് ഉന്നതിയിൽ സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവർഗ വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും നിർമ്മിച്ചത്. പട്ടികജാതി വിഭാഗക്കാരുടെ സാംസ്‌കാരിക വളർച്ചക്കും കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനും സാംസ്കാരിക നിലയം സഹായകമാവുമെന്നും വിദ്യാർത്ഥികൾ പഠനത്തിനായി നിലയം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ആയിരത്തിലധികം കുട്ടികൾക്ക് വിദേശപഠനം, പൈലറ്റ്, എയർ ഹോസ്റ്റസ് തുടങ്ങിയ മേഖലകളിലെ പഠന സഹായം, തൊഴിൽ സാധ്യതയുള്ള ആധുനിക കോഴ്സുകളിലെ പ്രവേശനം ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. 971 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ വിശാലമായ ഹാൾ, ഓഫീസ് മുറി, ടോയ്ലറ്റ്, വരാന്ത, പടിക്കെട്ട് എന്നിവയടക്കം സമ്പൂർണ്ണ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.

പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമറ്റം അധ്യക്ഷയായ പരിപാടിയിൽ പനമരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീമ മാനുവൽ, ഗ്രാമപഞ്ചായത്ത് അംഗം ആയിഷ ഉമ്മർ, ഊരു മൂപ്പൻ ബാബു രാജ്, എസ്.ടി പ്രൊമോട്ടർ കെ.ആർ മണികണ്ഠൻ, മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എം. മജീദ്, ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിത്, പനമരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷില്ലി ജോർജ്, എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍‌, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *