കൽപ്പറ്റ : വയനാടൻ ജനതയുടെ ചിരകാല സ്വപ്നമായ ഗവ:മെഡിക്കൽ കോളേജ് ഒരു സമ്പൂർണ്ണ വഞ്ചനയായി മാറുകയാണെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ(NMC)ൻ്റെ താൽക്കാലിക അംഗീകാരം ലഭിച്ചിട്ടും, ആവശ്യമായ മെഡിക്കൽ തസ്തികകളിൽ സൃഷ്ടിക്കാതെ മറ്റു ജില്ലകളിൽ നിന്നും താൽക്കാലിക നിയമനങ്ങൾ നടത്തി പൊതുജനത്തെ കബളിപ്പിക്കുന്നത് തുടരുകയാണെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
വയനാട് മെഡിക്കൽ കോളേജിന് വേണ്ടി അനുവദിക്കേണ്ടത് കുറഞ്ഞത് 42 സ്ഥിരം ഡോക്ടർ തസ്തികകളാണ്. എന്നാൽ ഇതര ജില്ലകളിൽ നിന്ന് താൽക്കാലീക നിയമനം നടത്തി എൻ.എം.സി പരിശോധന മറികടക്കുകയും, ശേഷം പൂർവ്വസ്ഥിതിയിലേക്ക് മാറ്റുകയുമാണ് അധികൃതർ ചെയ്തത്.
സി.ടി, എം.ആർ.ഐ, അൾട്രാസൗണ്ട് സ്കാനിംഗ് സൗകര്യങ്ങൾ ലഭ്യമല്ല. ഒരു എക്സറേ യൂണിറ്റ് പ്രവർത്തന രഹിതമായിട്ട് വർഷം പിന്നിട്ടിരിക്കുന്നു. അത്യാവശ്യ ടെസ്റ്റുകൾ പോലും പുറത്തുനിന്നും ചെയ്യാനുള്ള നിർദ്ദേശമാണ് ലാബിൽ എത്തുന്ന രോഗികൾക്ക് ലഭിക്കുന്നത്. മരുന്നുകളുടെ ദൗർലഭ്യം, ആംബുലൻസ് സൗകര്യങ്ങളുടെ കുറവ്, സാങ്കേതിക ഉപകരണങ്ങളുടെ അറ്റകുറ്റ പണികളിലെ കാലതാമസം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ അധികൃതർ അലംഭാവം തുടരുകയാണ്. മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാരുടെ കുറവുമൂലം ദൈനംദിന പ്രവർത്തനങ്ങൾ പോലും താളംതെറ്റുകയും ചികിൽസിക്കപ്പെടുന്നതിനേക്കാൾ റഫർ ചെയ്യപ്പെടുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഇതിനിടയിലാണ് താൽക്കാലിക അംഗീകാരം ലഭിച്ചത് ഭരണകൂടം ആഘോഷമാക്കി മാറ്റുന്നത്.
നേട്ടങ്ങളുടെ പുകമറ സൃഷ്ടിച്ച് പൊതുജനത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മെഡിക്കൽ കോളേജ് പൂർണ്ണാർത്ഥത്തിൽ പ്രവർത്തന സജ്ജമാക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു. എൻ ഹംസ, കെ ജെ തോമസ്, പി ടി സിദ്ധീഖ്, കെ മഹ്‌റൂഫ്, സൽമ അഷ്‌റഫ്, ബബിത ശ്രീനു, എസ് മുനീർ, സുബൈർ കെ പി തുടങ്ങിയവർ സംസാരിച്ചു.
