മൂല്യബോധവും പ്രകൃതി സ്നേഹവും ഊട്ടി ഉറപ്പിച്ച്: ‘സായന്തനം’ SSSS ക്യാമ്പിന് തുടക്കമായി

പുൽപ്പള്ളി : ശശിമല ഉദയ ഗവ യു പി സ്കൂൾ ശശിമല സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ (SSSS) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ‘സായന്തനം’ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. വർഗീസ് പുളിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ സമൂഹത്തോടും പ്രകൃതിയോടുമുള്ള കടപ്പാട് തിരിച്ചറിഞ്ഞ് വളരണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം യുവതലമുറയ്ക്ക് ലഭിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷാജി എ.ഐ. സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീമതി. സരിത രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ പാഠങ്ങളും അനുഭവങ്ങളും നേടാൻ സാധിക്കട്ടെ എന്ന് അവർ ആശംസിച്ചു.

വിദ്യാർത്ഥി പ്രതിനിധി കുമാരി വേദിക ബാബു , സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീ. സന്തോഷ് കെ, ശ്രീമതി ജിലു കെ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്ന ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ, അടുത്ത മൂന്ന് ദിവസങ്ങളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും, പ്രകൃതി പഠന യാത്രകളും, സാമൂഹിക സേവന പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *