തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തീയതികൾ മാറ്റും. ക്രിസ്മസ് അവധിക്കു മുൻപും ശേഷവുമായി രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11-നാണ് പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പും 13-ന് വോട്ടെണ്ണലും നടക്കുന്നതിനാലാണ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നത്. സ്കൂളുകൾ പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതുമാണ് പ്രധാന കാരണം.
പുതിയ ക്രമീകരണം അനുസരിച്ച്, വോട്ടെണ്ണലിന് ശേഷം ഡിസംബർ 15 മുതൽ 19 വരെ ആദ്യഘട്ട പരീക്ഷകൾ നടത്താനാണ് സാധ്യത. ഡിസംബർ 20 മുതൽ 28 വരെയാണ് ക്രിസ്മസ് അവധി. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ നടത്താനാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ ഉണ്ടാകും.
