ശശിമല സ്കൂളിലെ വിദ്യാർഥികൾ ശുചിത്വ സന്ദേശവുമായി വീടുകളിലേക്ക്.

ശശിമല: ‘എന്റെ വീട് മാലിന്യമുക്തം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ശശിമല ഉദയ ഗവ യു പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന് സമീപമുള്ള വീടുകളിൽ പോസ്റ്റർ പതിപ്പിച്ചു. മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കി, ഓരോ വീടും മാലിന്യമുക്തമായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ ഈ വേറിട്ട യജ്ഞത്തിന് തുടക്കമിട്ടത്.

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ, അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സ്വന്തമായി തയ്യാറാക്കിയ, മാലിന്യ സംസ്കരണത്തിൻ്റെ വിവിധ ഘട്ടങ്ങൾ ലളിതമായി വിശദീകരിക്കുന്ന പോസ്റ്ററുകളാണ് കുട്ടികൾ വീടുകളുടെ വാതിലുകളിലും മതിലുകളിലും പതിപ്പിച്ചത്. വീടുകൾ സന്ദർശിച്ച വിദ്യാർത്ഥികൾ പോസ്റ്ററുകൾ പതിപ്പിക്കുന്നതിനൊപ്പം വീടുകളിലെ മുതിർന്നവരുമായി മാലിന്യ സംസ്കരണത്തെക്കുറിച്ച് സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ ഈ ഉദ്യമം നാട്ടുകാർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *