സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാർ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി. ബൗൺസർ എന്നെഴുതിയ ടീ ഷർട്ടും അനുചിത വേഷ വിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്നാണ് ഉത്തരവ്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിൻ്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ബൗൺസർമാരെ ഏർപ്പാടാക്കിയതിന് എതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഉത്തരവ്.

 

കറുത്ത ബനിയനും പാൻ്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗൺസർമാർ തിരക്ക് നിയന്ത്രിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ എൻ.പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ നിന്നവരുടെ ടീ ഷർട്ടിനു പിന്നിൽ ‘ബൗൺസർ’ എന്നെഴുതിയിരുന്നത് നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി പരിശോധിക്കുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.

 

ഇന്ന് കേസ് പരിഗണിച്ചപ്പോൾ ബൗൺസർമാരെ നിയോഗിക്കാനിടയായ സാഹചര്യം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. വിമുക്ത ഭടന്മാരെയാണ് നേരത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതെന്നും എന്നാൽ ഭക്തജനത്തിരക്ക് കൂടിയതോടെ ഇവർക്ക് നിയന്ത്രിക്കാൻ സാധിക്കാതായെന്നും ബോർഡ് വ്യക്തമാക്കി. വസ്ത്രത്തിൽ ബൗൺസർ എന്നെഴുതിയിരുന്നവരെ സുരക്ഷയ്ക്കായി നിയോഗിച്ചത് ദൗർഭാഗ്യകരമായി പോയെന്നും ഇനി ആവർത്തിക്കില്ലെന്നും ബോർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *