പുല്‍പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മീഡിയ ക്ലബ് പ്രവര്‍ത്തിക്കുക. പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി. കെ.കെ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമ വിഭാഗം മേധാവി ഷോബിന്‍ മാത്യു അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോജന്‍ ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി മാധ്യമ ശില്‍പ്പശാല നടത്തി. ഫോട്ടാഗ്രഫിയിലുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്. മാധ്യമ വിഭാഗം അധ്യാപകരായ ക്രിസ്റ്റീന ജോസഫ്, ഡോ. ജോബിന്‍ ജോയ്, റിയ കൃഷ്ണ, വിദ്യാര്‍ഥികളായ റിന്‍ഷ ഷരിന്‍, അതുല്‍, നിലീന തുടങ്ങിയവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നൽകി. ഫോട്ടോഗ്രഫിയെക്കൂടാതെ, സിനിമാ നിര്‍മാണം, ഡിസൈനിങ്, വാര്‍ത്താ റിപ്പോര്‍ട്ടിങ്, വാര്‍ത്ത വായന, റേഡിയോ പ്രോഗ്രാം നിര്‍മാണം, ന്യൂസ് പേപ്പര്‍ നിര്‍മാണം, പരസ്യ നിര്‍മാണം തുടങ്ങിയ വിവിധ മേഖലകളില്‍ തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നൽകുമെന്ന് വകുപ്പ് മേധാവി ഷോബിന്‍ മാത്യു പറഞ്ഞു. പരിപാടിക്ക് നിലീന ജോയ് സ്വാഗതവും ഷാഫ്രിന്‍ ജോസഫ് നന്ദിയും പറഞ്ഞു.
