ധാര്‍മികതയുടെ അടിത്തറ കുടുംബങ്ങളില്‍: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: സമൂഹത്തിന്റെ പ്രത്യാശയും ധാര്‍മികതയുടെ അടിത്തറയും കുടുംബങ്ങളിലാണെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ സഭാ ജൂബിലിയുടെയും കുടുംബ നവീകരണ വര്‍ഷത്തിന്റെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളുടെ ശിഥിലീകരണം സാമൂഹിക, ധാര്‍മിക മൂല്യങ്ങളെ തകര്‍ക്കും. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് അനിവാര്യമായ മനുഷ്യവിഭവം കുടുംബങ്ങളിലാണുള്ളതെന്ന് പിതാവ് പറഞ്ഞു. കൃതജ്ഞതാബലിയോടെയാണ് സമാപനച്ചടങ്ങ് ആരംഭിച്ചത്.

പൊതുസമ്മേളനത്തില്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ആമുഖപ്രഭാഷണം നടത്തി. കുടുബമെന്ന സംവിധാനത്തെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ശ്രമങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സിഞ്ചെല്യൂസ് ഫാ.ബെന്നി മുതിരക്കാലായില്‍, മാതൃവേദി രൂപത പ്രസിഡന്റ് മേഴ്‌സി ബെന്നി, കുട്ടികളുടെ പ്രതിനിധി ഐവിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സൈക്യാട്രിസ്റ്റ് ഡോ.സിസ്റ്റര്‍ ലിസ് മാത്യു എസ്എച്ച് കുടുംബ ബന്ധത്തിന്റെ പ്രാധാന്യം എന്ന വിഷയം അവതരിപ്പിച്ചു. രൂപതയിലെ അഞ്ചില്‍ക്കൂടുതല്‍ കുട്ടികളുള്ള 35 കുടുംബങ്ങളെ ആദരിച്ചു. 10 കുട്ടികളുള്ള സന്തോഷ് പോടൂരും കുടുംബവുമായുള്ള ചര്‍ച്ച, കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘ഉള്ളുലയുമ്പോള്‍’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനം എന്നിവ നടത്തി. വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയില്‍ ചടങ്ങില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *