കൽപറ്റ: ദാറുൽ ഫലാഹിൽ ഇസ്‌ലാമിയയുടെ സമ്മേളനത്തിന് പ്രൗഢമായ സമാപനം. ജ്ഞാനമേഖലയിൽ എഴുപത്തി അഞ്ച് ബിരുദധാരികളായ മതപണ്ഡിതൻമാരെ സമൂഹത്തിന് സമർപ്പിച്ച് കൊണ്ടാണ് സമ്മേളനം സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി വിദ്യാർഥികളുടെ സർവാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ഇൻ്റൻസിയ 2025 ൽ ഇരുനൂറോളം വിദ്യാർഥികൾ മാറ്റുരച്ചു.
സമാപന സമ്മേളനത്തിൽ പി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഫലാഹ് സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, കെ സി അബൂബക്കർ ഹസ്റത്ത് സനദ് ദാനം നടത്തി. സമസ്ത സെകട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി സനദ് ദാന പ്രഭാഷണം നടത്തി. ആത്മീയ രംഗത്തുള്ള വ്യാജന്മാരെ കരുതിയിരിക്കണമെന്നും ത്വരീഖത്ത് എന്നത് ആത്മസമസ്കരണത്തിന്റെ മാർഗമാണെന്നും ഇസ്ലാമിൻ്റെ യഥാർത്ഥ സരണിയിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
