Headlines

ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

 

ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി

 

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംഘട്ടമായി 3.24 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. രജിസ്‌ട്രേഷന്റെ ഭാഗമായുള്ള മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സി പി എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനഹരിതമാണ്. ദുരന്തബാധിതര്‍ക്കായി പാര്‍ട്ടി പ്രഖ്യാപിച്ച നൂറു വീടുകള്‍ നല്‍കും. കര്‍ണാടക സര്‍ക്കാര്‍ നൂറുവീടുകള്‍ക്കായി 20 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. രാഹുല്‍ഗാന്ധിയാണ് കര്‍ണാടക സര്‍ക്കാര്‍ നൂറുവീടുകള്‍ക്കുള്ള തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ളത് കേരളത്തിലെ ജനങ്ങളുടെ പണമാണ്. ആ പണം ഉപയോഗിച്ച് നടത്തുന്ന ഭവനപദ്ധതി ഒരു പാര്‍ട്ടിയുടെ പദ്ധതിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്നുള്ള വെല്ലുവിളിയില്‍ ഇപ്പോഴും സി പി എം ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ദുരന്തബാധിതരായ 136 കുട്ടികളുടെ വിദ്യാഭ്യാസമാണ് എം എല്‍ എ ഏറ്റെടുത്തതെന്നും ഐസക് ചൂണ്ടിക്കാട്ടി.

ഭവനപദ്ധതിക്കായി രണ്ട് സ്ഥലം കൂടി നോക്കിയിട്ടുണ്ട്. അതും കൂടി ലഭ്യമാകുന്നതോടെ പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകും. സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടുപയോഗിച്ച് നടത്തുന്ന പദ്ധതിയില്‍ സി പി എമ്മിന് ആവലാതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ തറക്കല്ലിടല്‍ ഉള്‍പ്പെടെ നടക്കും. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെയാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നും ഐസക് പറഞ്ഞു. നിയമപരമായി തടസങ്ങളില്ലാത്ത ഭൂമി കണ്ടെത്തുന്നതിന്റെ പ്രയാസമാണുണ്ടായത്. ടൗണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന സമയത്ത് തോട്ടം എന്ന നിലയിലുള്ള നിയമപ്രശ്‌നം സര്‍ക്കാര്‍ പരിഹരിച്ചു. അങ്ങനെയെങ്കില്‍ ദുരന്തബാധിതര്‍ക്കായി നടത്തുന്ന ഭവനപദ്ധതി തോട്ടഭൂമിയിലുമാകാം എന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിംലീഗ് ഭവനപദ്ധതി നടപ്പിലാക്കുമ്പോള്‍ എങ്ങനെയത് നടപ്പിലാക്കാതിരിക്കാന്‍ കഴിയുമെന്ന് ചികയുകയും, അതിന് നിയമപരമായ കുരുക്കുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത സര്‍ക്കാരും പാര്‍ട്ടിയുമാണ് ഇവിടെയുള്ളത്. തോട്ടഭൂമിയില്‍ വീട് നിര്‍മ്മാണമാവാം എ്ന്ന് സമ്മതിച്ചാല്‍ എത്രയും വേഗം പദ്ധതി യാഥാര്‍ഥ്യമാക്കാമായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന സ്ഥലത്തിന് അത്തരത്തിലുള്ള നിയമപ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ്:

മന്ത്രി ഒ ആര്‍ കേളുവിന് തത്സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല

മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര്‍ കേളുവിന് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ല. രാഷ്ട്രീയമര്യാദയുണ്ടെങ്കില്‍ അദ്ദേഹം ഈ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്. എം ഐ ഷാനവാസ് എം പിയായിരുന്ന കാലത്ത് ഒരു കോടി രൂപ ജില്ലാ ആശുപത്രിക്ക് അനുവദിച്ചാണ് സി ടി സ്‌കാനിംഗ് ആരംഭിച്ചത്. എട്ടുമാസമായി അത് പ്രവര്‍ത്തിക്കുന്നില്ല. സ്‌കാനിംഗിന് വേണ്ടി 2025-26 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒന്നരകോടി രൂപ, തലപ്പുഴ-കട്ടേരിക്കുന്ന് പാലനിര്‍മ്മാണത്തിന് വകയിരുത്തണമെന്ന് മന്ത്രി കത്ത് നല്‍കുകയും, അതനുസരിച്ച് ആ തുക വകമാറ്റി ചിലവഴിക്കുകയും ചെയ്തു. വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ആരോഗ്യമേഖലയിലേതാണെന്നിരിക്കെ ഒന്നരകോടി രൂപ അനുവദിച്ചിട്ടും സ്‌കാനിംഗ് മെഷീന്‍ വാങ്ങാതെ ആ തുക വകമാറ്റി ചിലവഴിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പറയുന്നതെന്നും ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *