തിരുനെല്ലി: ‘ഇത്രയും നല്ല ചുരം കാണിച്ചു കൊടുത്തതിനെന്തിനാ പോലീസ് മാമാ, ബ്രിട്ടീഷുകാർ കരിന്തണ്ടനെ കൊന്നത്..?’. പൂക്കോട് തടാകവും ചുരവും കണ്ട് ലക്കിടിയിലെ ചങ്ങല മരത്തിന് സമീപമെത്തിയപ്പോൾ തിരുനെല്ലി എസ്.എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അജയന്റെ സംശയം തീരുന്നില്ല. ചുരം പാത കണ്ടെത്താൻ സഹായിക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ഗോത്ര മൂപ്പന്റെ കഥ വീണ്ടും വിശദമായി തന്നെ പോലീസുകാർ വിദ്യാർഥികളെ പറഞ്ഞു കേൾപ്പിച്ചു. കെട്ടഴിച്ചു വിട്ട സംശയങ്ങൾക്കെല്ലാം നിവാരണമായ സന്തോഷത്തിൽ പൊലീസിനൊപ്പം പോലീസ് ബസിൽ വിദ്യാർഥികളുടെ പഠന യാത്ര തുടർന്നു. വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ട്രൈബൽ ജനമൈത്രി പദ്ധതിയുടെ ഭാഗമായി തിരുനെല്ലി എസ്.എ.യു.പി സ്കൂളിലെ ആറു, ഏഴ് ക്ലാസുകളിലെ ഗോത്ര വിദ്യാർഥികളാണ് പൊലീസിനൊപ്പം ജില്ല ചുറ്റിയത്. തിരുനെല്ലി സ്കൂളിൽ നിന്ന് രാവിലെ 8.30ഓടെ തിരുനെല്ലി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എം. ബിജു ഫ്ലാഗ് ഓഫ് ചെയ്ത പഠന യാത്ര ജി.എം.ആർ.എച്ച്. എസ്.എസ് കണിയാമ്പറ്റയിൽ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ ജി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എം.എ സന്തോഷ് അധ്യക്ഷത വഹിച്ചു. ജി.എം.ആർ.എച്ച്. എസ്.എസ് സീനിയർ സൂപ്രണ്ട് എൻ. ഗണേഷ് കുമാർ, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം ശശിധരൻ, എസ്.പി.സി പ്രോജക്ട് ജില്ലാ അസി. നോഡൽ ഓഫിസർ കെ. മോഹൻദാസ്, എസ്.സി.പി.ഒ ടി.കെ. ദീപ, അധ്യാപിക കെ. ബബിത എന്നിവർ സംസാരിച്ചു. ജി.എം.ആർ.എച്ച്.എസ് കണിയാമ്പറ്റ, ഇ. എം.ആർ പൂക്കോട് സ്കൂളുകൾ സന്ദർശിച്ച കുട്ടികളെ അവിടത്തെ പഠനാന്തരീക്ഷവും ലഭ്യമായ വിദ്യാഭ്യാസ–അടിസ്ഥാന സൗകര്യങ്ങളും സ്കൂൾ അധികൃതർ വിശദമായി പരിചയപ്പെടുത്തി. ക്ലാസ് മുറികൾ, ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവ കുട്ടികളെ കാണിച്ചു. തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെത്തിയ കുട്ടികളെ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സന്തോഷത്തോടെ വരവേറ്റു. ശേഷം, പ്രകൃതിദത്ത ശുദ്ധജല തടാകമായ പൂക്കോട് തടാകത്തിലെത്തിയ വിദ്യാർഥികൾ പല തരം പാട്ടുകൾ കൂട്ടായി പാടി തടാക കരയിൽ തുള്ളിച്ചാടി നടന്നു. ഭൂരിപക്ഷം പേരും തടാകം ആദ്യമായി കണ്ട ത്രില്ലിലായിരുന്നു. അവധി ദിനമായ ശനിയാഴ്ച പൂക്കോടിൽ തിങ്ങി നിറഞ്ഞ സഞ്ചാരികളും കുട്ടി കുരുന്നുകളുമായി കൂട്ടുകൂടി. പിന്നീട് ചുരം കാഴ്ചകളും കണ്ട് വിദ്യാർഥികൾ സന്തോഷത്തോടെ മടങ്ങി. പോലീസ് ബസിൽ നിന്നുയർന്ന പാട്ടുകൾക്ക് ചുവട് വെച്ചും, സി.പി.ഒ വിനോദിന്റെ നാടൻ പാട്ടുകൾക്ക് തുടി, ഗഞ്ചിറ, മണി തുടങ്ങിയ വാദ്യോപകരണങ്ങളുമായി താളമിട്ടും, നിരവധി പാട്ടുകൾ പാടിയും യാത്രയവസാനം വരെ നിർത്താതെ ആർത്തുല്ലസിച്ച കുട്ടികളുടെ വൈബ് പോലീസ് ഉദ്യോഗസ്ഥരെ വിസ്മയിപ്പിച്ചു. തങ്ങൾക്കായി ഇനിയും യാത്രകൾ സംഘടപ്പിക്കണമെന്ന ആവശ്യം വീണ്ടും വീണ്ടും പറഞ്ഞ് നിർത്താതെ കൈകൾ വീശി അവർ മടങ്ങി. തൊണ്ടർനാട്, തലപ്പുഴ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നീ പോലീസ് സ്‌റ്റേഷൻ പരിധികളിലെ തെരഞ്ഞെടുക്കപ്പെട്ട ഉന്നതികളിലെ ഗോത്ര വിദ്യാർഥികളുമായും വരും ദിവസങ്ങളിൽ പോലീസ് യാത്ര പോകും. പഠന നിലവാരം മെച്ചപ്പെടുത്തുക, കൊഴിഞ്ഞുപോക്ക് തടയുക, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുക, കലാപരമായ കഴിവുകൾ മെച്ചപ്പെടുത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് പഠന യാത്രകൾ സംഘടിപ്പിക്കുന്നത്.
