കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20 ന് സുൽത്താൻ ബത്തേരി നഗരസഭയിലും 21 ന് പൊഴുതന ഗ്രാമപഞ്ചായത്തിലും രാവിലെ 10 മുതൽ നടക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. പരാതി പരിഹാര പരിപാടിയിലേക്ക് (ജനുവരി 14) മുതൽ 17 വരെ സുൽത്താൻ ബത്തേരി അസംഷൻ, ചുങ്കം, ബീനാച്ചി, കുപ്പാടി, ആറാം മൈൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷ നൽകാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരിൽ കണ്ട് പ്രശ്നങ്ങൾ കേൾക്കും.
അടിയന്തിരമായി തീർപ്പാക്കേണ്ട പരാതികൾക്ക് പരിഹാര നടപടികൾ സ്വീകരിക്കുകയാണ് ജനങ്ങൾക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിലൂടെ. ആരോഗ്യ-അക്ഷയ-ബാങ്ക് സർവ്വീസുകൾക്കായി പരാതി പരിഹാര പദ്ധതിയിൽ പ്രത്യേക കൗണ്ടർ സജീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി തുടർ നടപടി സ്വീകരിക്കും.
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രൊപോസലുകൾ, ലൈഫ് മിഷൻ, ജോലി/പി.എസ്.സി സംബന്ധ അപേക്ഷകൾ, വായ്പ എഴുതിത്തള്ളൽ, പൊലീസ് കേസുകൾ, ഭൂമി സംബന്ധമായ അപേക്ഷ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷ, സാമ്പത്തിക സഹായ അപേക്ഷകൾ (ചികിത്സയുൾപ്പെടെ), ജീവനക്കാര്യം, റവന്യൂ റിക്കവറി-വായ്പ തിരിച്ചടവ് സാവകാശം, ഇളവുകൾ എന്നിവ സംബന്ധിച്ച അപേക്ഷകൾ അദാലത്തിൽ സ്വീകരിക്കില്ല.
