സുല്‍ത്താന്‍ബത്തേരി: വാകേരി മേഖലയില്‍ ഉള്‍പ്പെട്ട കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവയെത്തി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. വാകേരിയില്‍ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കൊന്ന കടുവ തന്നെയാണ് കല്ലൂര്‍ക്കുന്നില്‍ പശുവിനെയും ആക്രമിച്ച് കൊന്നതെന്ന് സ്ഥിരീകരിച്ചു. കല്ലൂര്‍ക്കുന്ന് ഞാറ്റടി വാകയില്‍ സന്തോഷിന്റെ തൊഴുത്തില്‍ കെട്ടിയ ഗര്‍ഭിണിയായ പശുവിനെയാണ് കടുവ പിടിച്ചത്. രാത്രിയില്‍ 11.30 യോടെ പശുക്കളും ആടും കൂട്ടത്തോടെ കരയുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോള്‍ കടുവ ഒരു പശുവിന്റെ കാലില്‍ പിടിച്ച് പറമ്പിന്റെ താഴ്ഭാഗത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്. കടുവക്ക് നേരെ ടോര്‍ച്ച് തെളിച്ചിട്ടും ബഹളം വെച്ചിട്ടുമൊന്നും കടി വിടാതെ ഏറെ നേരം വലിച്ചുകൊണ്ടുപോയെന്ന് സന്തോഷ് പറഞ്ഞു. പിന്നീട്, അയല്‍വാസികള്‍ കൂടിയെത്തി ബഹളം വെച്ചതോടെയാണ് പശുവിനെ ഉപേക്ഷിച്ച് കടുവ ഇരുട്ടിലേക്ക് മറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു
വിവരമറിഞ്ഞ് രാത്രിയില്‍ തന്നെ വനംവകുപ്പ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെ വനംവകുപ്പിന്റെ ദ്രുത കര്‍മ്മ സേനയും പരിശോധനക്കായെത്തി. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവയെത്തി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി
