പോലീസ് സ്‌മൃതി ദിനം ആചരിച്ചു

കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2022 മുതൽ 31.08.2023 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 188 സേനാംഗങ്ങളുടെയും പേരുവിവരം വായിച്ച് ആദരാഞ്ജലി അർപ്പിച്ചു. 1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിൽവെച്ച് കാണാതായ പത്ത് പൊലീസുകാരുടെ സ്മരണാർത്ഥമാണ് ഒക്ടോബർ 21ന് രാജ്യമെങ്ങും സ്മൃതിദിനമായി ആചരിക്കുന്നത്.

അഡീഷണൽ എസ്.പി വിനോദ് പിള്ള, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എൻ ഓ സിബി, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. റബിയത്ത്, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ്, മാനന്തവാടി സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.എൽ. ഷൈജു, വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും പോലീസ് ഇൻസ്‌പെക്ടർമാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഈ വർഷത്തെ പോലീസ് സ്‌മൃതി ദിനം, ഏകതാ ദിനം, പോലീസ് പതാക ദിനം എന്നിവയോടാനുബന്ധിച്ച്
ഒക്ടോബർ 25ന് സബ് ഡിവിഷൻ അടിസ്ഥാനത്തിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കായി സൈക്കിൾ റാലി, കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായുള്ള വാട്ടർ കളർ പെയിന്റിംഗ് മത്സരം, കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘സെൽഫ് ഡിഫെൻസ്’ പ്രായോഗിക പരിശീലനവും ക്ലാസ്സും, 26നു വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കോളനികളിൽ ബോധവൽക്കരണ പരിപാടിയും കലാ വിരുന്നും, 28 ന് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീര ജവാൻ ശ്രീ. വസന്തകുമാറിന്റെ വസതിയിൽ സന്ദർശനവും പോലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ വച്ച് രക്ത ദാന ക്യാമ്പും, 29 ന് തിരുനെല്ലിയിലെ കോളനികളിൽ സന്ദർശനവും പുസ്തക വിതരണവും, 30 ന് ലക്കിടി എൽ.പി സ്കൂളിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പോലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയും വിംസ് ആശുപത്രിയും സംയുക്തമായി നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് പ്രോഗ്രാം, 31ന് വീരമൃത്യു വരിച്ച ധീര ജവാൻ ശ്രീ. ഷിബുവിന്റെ വസതിയിൽ സന്ദർശനം തുടങ്ങിയ പരിപാടികൾ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *