പാരഡൈസിലെ മാലാഖമാര്‍ക്ക് പുതിയ സ്‌കൂള്‍; മെയ് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം; മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: മാനസിക – ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനവും സമഗ്ര വളര്‍ച്ചയും ലക്ഷ്യമിട്ട് തിരുനെല്ലി പാരഡൈസിലെ മാലാഖമാര്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം ഒരുങ്ങുന്നു. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തോടെ പൂര്‍ത്തിയാക്കണമെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്കാ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ്മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവി മുന്നില്‍ കണ്ട് മികച്ച രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. ഒരു കോടി സാസ്‌കി ഫണ്ടും 55 ലക്ഷം എം. എല്‍. എ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക. 40 സെന്റ് സ്ഥലത്ത്ഇരുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ നാല് ക്ലാസ്സ് മുറികള്‍, രണ്ട് തെറാപ്പി മുറികള്‍, ഓപ്പണ്‍ ഓഡിറ്റോറിയം, ഡൈനിങ് ഹാള്‍, ടോയ്‌ലറ്റ്, ഓഫീസ് മുറി എന്നിവ ഉള്‍പ്പെടുത്തും. തിരുനെല്ലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിലവില്‍ മാനസിക – ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 53 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി പ്രദേശത്തെ ഒരു വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. നിലവില്‍ സ്ഥാപനം തൃശ്ശിലേരിയിലാണ് പ്രവര്‍ത്തിക്കുന്നത്.

 

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം എം.ജെ അഗസ്റ്റിന്‍, ലാന്‍ഡ് റവന്യൂ ഡപ്യൂട്ടി കളക്ടര്‍ കെ. മനോജ് കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലന്‍, തിരുനെല്ലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുണ്‍, നിര്‍മിതി കേന്ദ്ര സെക്രട്ടറി സജിത്ത്, തിരുനെല്ലി ബഡ്സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. എസ്ആഷിഖ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *