അങ്കണവാടി മുറ്റത്തുനിന്ന് കർത്തവ്യ പഥിലേക്ക്: റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി പനമരത്തിന്റെ പ്രസീത ടീച്ചർ

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് വയനാടിന്റെ അഭിമാനമായി പ്രസീത ഒ. വയനാട് ജില്ലയിലെ പനമരം ഐ.സി.ഡി.എസ് പരിധിയിലുള്ള ക്ലബ് സെന്റർ അങ്കണവാടി അധ്യാപികയായ പ്രസീത, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ഈ അപൂർവ്വ നേട്ടത്തിന് അർഹയായത്.

 

 

ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന ഗംഭീരമായ പരേഡിൽ വിശിഷ്ട അതിഥികൾക്കായി ഒരുക്കിയ ഗാലറിയിൽ ഇരുന്നാണ് പ്രസീത ചടങ്ങുകൾ വീക്ഷിച്ചത്. രാജ്യത്തിന്റെ സൈനിക കരുത്തും വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും പരേഡും നേരിട്ട് കാണാൻ സാധിച്ചത് വലിയൊരു അംഗീകാരമാണെന്ന് അവർ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള മികച്ച അങ്കണവാടി പ്രവർത്തകരുടെ സംഘത്തോടൊപ്പമാണ് പ്രസീത ഡൽഹിയിലെത്തിയത്.

 

കണ്ണൂർ എടക്കാട് അഡിഷണൽ ശിശുവികസന പദ്ധതി ഓഫീസർ ചാല സ്വദേശി പി. നിഷ നയിച്ച കേരളത്തിൽ നിന്നുള്ള സംഘത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള മറിയാമ്മ ജോർജ്, ഇടുക്കിയിൽ നിന്നുള്ള വി.പി വിജി, കാസർകോട് നിന്നുള്ള വിശാലാക്ഷി എന്നിവരും പ്രസീതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മംഗളൂരു വഴി വിമാനമാർഗമാണ് സംഘം ഡൽഹിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *