സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേ സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ പൂത്തുലഞ്ഞ പാലാശങ്ങൾ സുന്ദര കാഴ്ചയായി.
ചുവപ്പ്-ഓറഞ്ച് വർണത്തിലുള്ള പാലാശങ്ങൾ കാടിന് അഴകേറ്റുകയാണ്. തീക്കൊന്നയെന്നും പേരുള്ളതാണ് പാലാശം. പൂവിട്ട പാലാശങ്ങളെ ദൂരെനിന്നു നോക്കുന്പോൾ വനത്തിൽ തീ പടർന്നതുപോലാണ് അനുഭവപ്പെടുക.
Flame of the Forste എന്ന് അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Butea monosperma എന്നാണ്. Fabaceae കുടുംബത്തിൽപ്പെടുന്ന പാലാശം വേനലിൽ ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലാണ് പൂത്തുലയുന്നത്. കട്ടിയും കൊക്കുപോലെ ആകൃതിയുമുള്ള പൂക്കൾ കൂട്ടമായി വിരിയുന്നതാണ് ഈ മരത്തെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്‌തമാക്കുന്നത്. മൂന്നു ഭാഗങ്ങളുള്ള വലിയ ഇലകളാണ് പാലാശത്തിന്. വിത്തുള്ള ചപ്പാത്തിപോലുള്ള കായകളും ഈ മരത്തിൻ്റെ സവിശേഷതയാണ്. ആയുർവേദ ചികിത്സയിൽ പാലാശത്തിൻ്റെ തൊലി, പൂവ്, വിത്ത് എന്നിവ ഔഷധമായി ഉപയോഗിച്ചുവരുന്നു.
പരന്‌പരാഗതമായി ഹോളി ഉത്സവത്തിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത നിറം ലഭ്യമാക്കുന്നത് പാലാശപ്പൂക്കളിൽനിന്നാണ്. പക്ഷികളുടെയും തേനീച്ചകകളുടെയും ആഹാര സ്രോതസ് എന്ന നിലയിൽ പരിസ്ഥിതിയിലും ഈ മരത്തിന് വലിയ പ്രാധാന്യമുണ്ട്.
കേരളം ഉൾപ്പെടെ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിലാണ് പാലാശം കൂടുതലായി കണ്ടുവരുന്നത്. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയോരത്ത് മുത്തങ്ങ മുതൽ മൂലഹള്ള ചെക്പോസ്റ്റ് വരെ ഭാഗങ്ങളിൽ റോഡരികുകളിൽ പൂത്തുനിൽക്കുന്ന പാലാശങ്ങൾ കാണാം.
