സുൽത്താൻ ബത്തേരി/തോട്ടാമൂല: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്.
വെള്ളിയാഴ്ച വൈകിട്ട് 4.30-ഓടെ പള്ളിയിലെത്തിയ മെത്രാപ്പോലീത്തമാർക്ക് ഇടവകാംഗങ്ങൾ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് നടന്ന കൊടിമര സമർപ്പണത്തിനും കൊടിയേറ്റത്തിനും ശേഷം, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കല്‍കുരിശ് കൂദാശയും നിർവ്വഹിക്കപ്പെട്ടു. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രധാന ചടങ്ങായ വിശുദ്ധ മൂറോനഭിഷേക കൂദാശയ്ക്ക് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടർന്ന് അനുമോദന യോഗവും നടന്നു.
ശനിയാഴ്ച രാവിലെ 8.30-ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നടക്കും. ഞായറാഴ്ച രാവിലെ 8-ന് വിശുദ്ധ കുര്‍ബാനയും, നേർച്ചസദ്യയും, 12 മണിക്ക് കൊടിയിറക്കലോടുകൂടി കൂദാശ ചടങ്ങുകൾ സമാപിക്കും.
വിശുദ്ധ കൂദാശ ചടങ്ങുകൾക്കും അനുബന്ധ ക്രമീകരണങ്ങൾക്കും വികാരിയും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായ ഫാ. എൽദോ ചീരകത്തോട്ടത്തിൽ, ട്രസ്റ്റി വർഗ്ഗീസ് കെ.യു. കാവുംമോളയിൽ, സെക്രട്ടറി ജെയ്‌മോൻ കുന്നത്ത്, നിർമ്മാണ കമ്മിറ്റി കൺവീനർ ജോർജ്ജ് കെ.യു. കോലഞ്ചേരി, നിർമ്മാണ കമ്മിറ്റി സെക്രട്ടറി ജിജിൽ മാത്യു പാമ്പാക്കുടച്ചാലിൽ, കൂദാശ പബ്ലിസിറ്റി കൺവീനർ റെജി എരങ്ങോത്ത്, കൂദാശ ജനറൽ കൺവീനർ ജോണി മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.
