നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവും; വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരേ സിപിഎം രംഗത്ത്

പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജിലെ കന്നാരംപുഴ, വണ്ടിക്കടവ് പ്രദേശങ്ങളിലെ റവന്യു ഭൂമി കൈമാറ്റം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും വനം-വന്യജീവി സംരക്ഷണ വകുപ്പിന്റെ നിരാക്ഷേപത്രം വേണമെന്ന വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരേ സിപിഎം രംഗത്ത്. ഉത്തരവ് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പാര്‍ട്ടി ഏരിയ കമ്മിറ്റി ആരോപിച്ചു.

കന്നാരംപുഴ, വണ്ടിക്കടവ് പ്രദേശങ്ങളില്‍ ജനവാസകേന്ദ്രങ്ങളോടുചേര്‍ന്നുള്ള വനഭൂമി പതിറ്റാണ്ടുകള്‍ മുമ്പ് അതിര്‍ത്തി തിരിച്ച് ജണ്ട കെട്ടിയതാണ്. കിടങ്ങനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന കുറിച്യാട് വനമേഖല പാടിച്ചിറ വില്ലേജിലേക്ക് കയറിക്കിടക്കുന്നുവെന്ന വനം വകുപ്പിന്റെ നിലപാട് തെറ്റിദ്ധാരണാജനകമാണ്. രണ്ട് വില്ലേജുകളുടെയും അംഗീകൃത അതിര് കന്നാരംപുഴയാണ്. പുഴ സംരക്ഷണത്തിന്റെ ഭാഗമായും കൈയേറ്റം ഉണ്ടാകാതിരിക്കാനും ജണ്ട കെട്ടിയിട്ടുണ്ട്.

 

 

2009ല്‍ തീരദേശ റോഡ് നിര്‍മാണ ഘട്ടത്തിലും കുറിച്ച്യാട് വനം അധികൃതര്‍ അനാവശ്യ വാദങ്ങളുമായി എത്തിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ വ്യക്തത വരുത്തിയതാടെയാണ് വനം വകുപ്പ് നിലപാട് തിരുത്തിയത്. പാടിച്ചിറ വില്ലേജില്‍ റീസര്‍വേ ഏറെക്കുറെ പൂര്‍ത്തിയായതാണ്. പുതിയ അവകാശവാദമുയര്‍ത്തി ജനങ്ങളില്‍ ഭീതി പടര്‍ത്താനുള്ള ശ്രമം ദുരൂഹമാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ജനങ്ങളെ ആശങ്കയിലാക്കുകയും ചെയ്യുന്ന നടപടികളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണം. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവും സബ് റജിസ്ട്രാര്‍ക്ക് നല്‍കിയ കത്തും പിന്‍വലിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *