കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുരനധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ മുസ്‌ലിം ലീഗ് നിര്‍മിക്കുന്ന 105 വീടുകളില്‍ പ്രവൃത്തി പൂര്‍ത്തിയായ 51 എണ്ണത്തിന്റെ കൈമാറ്റം നടത്തി. പ്രോജക്ട് സൈറ്റില്‍ ഇന്നു വൈകുന്നേരം നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് വീടുകളുടെ രേഖകളും താക്കോലും ഗുണഭോക്തൃ കുടുംബങ്ങള്‍ ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി. പുനരധിവാസ പദ്ധതി ഉപസമിതി കണ്‍വീനര്‍ പി.കെ. ബഷീര്‍ എംഎല്‍എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എം.പി. അബ്ദുസമദ് സമദാനി എംപി, ട്രഷറര്‍ പി.വി. അബ്ദുള്‍ വഹാബ് എംപി, വൈസ് പ്രസിഡന്റ് കെ.പി.എ. മജീദ് എംഎല്‍എ, സെക്രട്ടറി അഡ്വ.ഹാരിസ് ബീരാന്‍ എംപി, ടി. സിദ്ദിഖ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. പ്രോജക്ട് രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്ട് ടോണി ജോസഫിന് സാദിഖലി ശിഹാബ് തങ്ങള്‍ മെമന്റോ കൈമാറി. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ. സലാം സ്വാഗതവും
ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.
മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോടുചേര്‍ന്നാണ് കല്‍പ്പറ്റ ടൗണിന് എട്ട് കിലോമീറ്റര്‍ പരിധിയിലുള്ള പ്രോജക്ട് സൈറ്റ്. എട്ട് സെന്റ് സ്ഥലവും 1,060 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഫര്‍ണിച്ചറുമാണ് ഓരോ കുടുംബത്തിനും നല്‍കിയത്. മൂന്ന് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് ഓരോ വീടും. ശുദ്ധജല വിതരണത്തിന് കിണര്‍ നിര്‍മിച്ച് ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഭവന സമുച്ചയത്തില്‍ സജ്ജമാക്കും. വെള്ളിത്തോടില്‍ ഭവന പദ്ധതിക്ക് 11.5 ഏക്കര്‍ ഭൂമിയാണ് 14,13,21,438 രൂപയ്ക്ക് മുസ്‌ലിംലീഗ് വാങ്ങിയത്. ഗുണഭോക്താക്കളില്‍ പലരും നിറകണ്ണുകളോടെയാണ് വീടിന്റെ താക്കോലും രേഖയും ഏറ്റുവാങ്ങിയത്.
