കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ്: വനിതാമത്സരത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം
മത്സരത്തിൽ പിറന്നത് മൂന്നു ഹാട്രിക്കുകൾ
കൽപ്പറ്റ: കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് വനിതാ വിഭാഗത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം സെമിഫൈനലിൽ. ഏകപക്ഷീയമായ പത്തു ഗോളുകൾക്കാണ് മലപ്പുറത്തിന്റെ ചുണക്കുട്ടികൾ അട്ടപ്പാടിയെ നിലംപരിശാക്കിക്കളഞ്ഞത്. മലപ്പുറത്തിനു വേണ്ടി അമൃത പി. നാലും സുവർണ പി, സജിത കെ.എസ് എന്നിവർ മൂന്നു ഗോൾ വീതവും നേടി ഹാട്രിക്കും സ്വന്തമാക്കി.
ഫൈനൽ ബർത്ത് സ്വപ്നം കണ്ടെത്തിയ ഇരുടീമുകൾക്കും തുല്യസാധ്യതയാണ് കാണികൾ നൽകിയിരുന്നതെങ്കിലും മത്സരത്തിന്റെ സ്റ്റാർട് വിസിൽ മുഴങ്ങിയതു മുതൽ മലപ്പുറം കാൽപ്പന്തുകളിയിലെ തങ്ങളുടെ പാരമ്പര്യമികവ് പുറത്തെടുക്കുന്നതാണ് കണ്ടത്. കളിയുടെ ഏഴാം മിനിട്ടിൽ തന്നെ എതിരാളികളുടെ വലയിൽ പന്തെത്തിച്ചുകൊണ്ട് കെ.എസ് സജിത തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കി. കൃത്യം മൂന്നു മിനിട്ടിനു ശേഷം ഗോൾ വീണതിന്റെ ആഘാതം മാറും മുമ്പ് പത്താം മിനിട്ടിൽ പി അമൃത തൊടുത്തുവിട്ട പന്ത് വീണ്ടും അട്ടപ്പാടിയുടെ വലയിലെത്തി. ശ്വാസമെടുക്കും മുമ്പേ പതിമൂന്നാം മിനിറ്റിൽ അട്ടപ്പാടിയെ ഞെട്ടിച്ചു കൊണ്ട് പി. സുവർണയുടെ കാലിൽ നിന്നും പറന്നു വന്ന പന്ത് വീണ്ടും ഗോളായി. തുടർന്ന് 16,30, 45 ആം മിനിറ്റുകളിൽ അമൃത പി അട്ടപ്പാടിയുടെ ഗോൾമുഖത്ത് എണ്ണം പറഞ്ഞ മൂന്നു ഗോൾ നേടി. 21,34 ആം മിനിറ്റുകളിൽ പി സുവർണയും, 26,43 ആം മിനിറ്റുകളിൽ കെ.എസ് സജിതയും ഗോൾവലയിൽ പന്തെത്തിച്ചുകൊണ്ട് അട്ടപ്പാടിയുടെ ഫൈനൽ സ്വപ്നങ്ങൾ കാറ്റിൽ പറത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും അട്ടപ്പാടിക്ക് മലപ്പുറത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനായില്ല. ഇന്ന്(28-2-2026) 9 മണിക്ക് നടക്കുന്ന വയനാട്, കാസർകോട് മത്സരത്തിലെ വിജയികളാകും ഫൈനലിൽ മലപ്പുറത്തിന്റെ എതിരാളികൾ.
