കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒന്നാംഘട്ട ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾക്കും രാഷ്ട്രീയ പോരിനും സാക്ഷ്യം വഹിച്ചു. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖിന് നേരെ സദസ്സിൽ നിന്ന് ഉയർന്ന ശക്തമായ കൂക്കിവിളിയും തുടർന്നുണ്ടായ രാഷ്ട്രീയ ആരോപണങ്ങളും ചടങ്ങിന്റെ ശോഭ കെടുത്തി. റവന്യൂ മന്ത്രി കെ. രാജന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അനാവശ്യമായിരുന്നുവെന്നും സന്നദ്ധ സംഘടനകളുടെ സേവനത്തെ വിലകുറച്ചു കാണിക്കരുതെന്നും ടി. സിദ്ദിഖ് പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
ചീഫ് സെക്രട്ടറി സ്വാഗത പ്രസംഗത്തിൽ ടി. സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും, പിന്നീട് പ്രസംഗത്തിനായി എം.എൽ.എ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധവും കൂക്കിവിളിയും ഉയർന്നു. സി.പി.എം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ കൂവൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദിയിലിരിക്കെ നടന്ന ഈ പ്രതിഷേധം ആസൂത്രിതമാണെന്ന് എം.എൽ.എ ആരോപിച്ചു. പ്രതിഷേധങ്ങൾക്കിടയിലും പതറാതെ അദ്ദേഹം തന്റെ പ്രസംഗം പൂർത്തിയാക്കി.
ഉദ്ഘാടന ചടങ്ങിനിടെ “കല്ലിട്ടു പോകുന്നവരല്ല തങ്ങൾ” എന്ന് റവന്യൂ മന്ത്രി കെ. രാജൻ നടത്തിയ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സർക്കാർ പദ്ധതികൾക്ക് മുൻപ് തന്നെ ഒട്ടേറെ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ദുരന്തബാധിതർക്കായി വീടുകൾ ഒരുക്കി നൽകിയിട്ടുണ്ടെന്ന് ടി. സിദ്ദിഖ് ഓർമ്മിപ്പിച്ചു. അത്തരം വലിയ സേവനങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള മന്ത്രിയുടെ വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നു. ഇതിനോടകം തന്നെ 50-ലധികം വീടുകൾ സന്നദ്ധ സംഘടനകൾ വഴി പൂർത്തിയാക്കി നൽകിയിട്ടുണ്ട്. ദുരന്തബാധിതർക്കായി സർക്കാരിനോട് ചേർന്ന് നിന്ന് ഇനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടന വേദിയിലുണ്ടായ കൂക്കിവിളി തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സിദ്ദിഖ് പറഞ്ഞു. “ദുരന്തത്തിന് ഇരയായ ആരും എനിക്കെതിരെ ശബ്ദമുയർത്തിയിട്ടില്ല. ഇതൊരു പ്രത്യേക വിഭാഗം ആസൂത്രിതമായി ചെയ്തതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി ചെയ്യേണ്ട ഒന്നാണ്. അടുത്ത ഘട്ട ഉദ്ഘാടനം ആര് നടത്തണമെന്ന് വരുംദിവസങ്ങളിൽ ജനം തീരുമാനിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ടൗൺഷിപ്പിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് ദൗർഭാഗ്യകരമാണെന്നും എം.എൽ.എ പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ, ഭരണ-പ്രതിപക്ഷ തർക്കം വയനാടൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
