അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

കൽപറ്റ: ‘ആഘോഷിക്കാം, ശാക്തീകരിക്കാം, പ്രചോദനമേകാം’ എന്ന സന്ദേശവുമായി വയനാട് പഞ്ചാക്ഷരി ജൈൻ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡന്റ് സുരേഖ ബാബു അധ്യക്ഷത വഹിച്ചു. സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടേണ്ടതിന്റെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കലക്ടർ സംസാരിച്ചു. തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലും പരിപാടിയിൽ പങ്കെടുത്ത കലക്ടറെ സമാജം സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രമുഖ അഭിഭാഷകയായ പി.സി. ചിത്ര വനിതാ ശാക്തീകരണത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

 

 

1995 മാർച്ച് 5-ന് രൂപീകൃതമായ വയനാട് പഞ്ചാക്ഷരി ജൈൻ മഹിളാ സമാജം 31-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് വിപുലമായ ആഘോഷം സംഘടിപ്പിച്ചത്. സമുദായത്തിനകത്തും പുറത്തുമുള്ള സ്ത്രീകൾക്കായി ഭവന നിർമാണം, സ്കോളർഷിപ്പുകൾ, ആരോഗ്യ ക്യാമ്പുകൾ, സ്തനാർബുദ അവബോധ പരിപാടികൾ തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമാജം നടത്തിവരുന്നു.

 

 

ചടങ്ങിൽ മഹിളാ സമാജത്തിന്റെ സ്ഥാപക പ്രസിഡനൻ്റായ വനമാല സനത്കുമാറിനെയും മുൻ പ്രസിഡൻ്റ് ജയശ്രീ ശീതളനാഥിനെയും ചടങ്ങിൽ ആദരിച്ചു.

 

 

സമാജത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ അന്തരിച്ച നേതാക്കളായ ജയമ്മ ജയൻ, ഉഷ ബാഹുബലി കുമാർ എന്നിവരുടെ സേവനങ്ങളെ യോഗം അനുസ്മരിച്ചു.

 

 

തുടർന്ന് ഇഷാനി ജയിൻ അവതരിപ്പിച്ച നൃത്ത പ്രകടനവും സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.

 

 

അനിത നളിന കുമാർ സ്വാഗതവും ഹംസവേണി നന്ദിയും രേഖപ്പെടുത്തി. പുഷ്പലത ശാന്തിവർമ്മ ജയിന്റെ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പഞ്ചാക്ഷരി മഹിളാ സമാജത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയൊരു ആഘോഷം ആദ്യമായാണ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *