ഇറക്കുമതി ചെയ്തതടക്കം പൂക്കളുടെ പ്രദര്‍ശനമായിരിക്കും പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണമെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി പ്രഫ.ഡോ.സി.കെ. യാമിനി വര്‍മ, അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ.പി. ഷജേഷ് ജാന്‍, ഡോ.വി. ശ്രീറാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂപ്പൊലി നഗരിക്കു അലങ്കാരമാകുന്നതിന് വിവിധയിനം ഡാലിയ, ആസ്റ്റര്‍, ഗ്ലാഡിയോലസ്, ഡയാന്തസ്, സെലോഷ്യ, സാല്‍വിയ, പെറ്റൂണിയ, ജമന്തി, റോസ് പുഷ്പങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. നിരവധി നിര്‍മിതികളും ഇത്തവണത്തെ പ്രത്യേകതയാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പൂച്ചെടികള്‍കൊണ്ട് അലങ്കരിച്ച മയില്‍, ട്രെയിന്‍, റോക്ക് ഗാര്‍ഡന്‍, വാട്ടര്‍ ഫൗണ്ടെയ്ന്‍, തെയ്യക്കോലം എന്നിവ മറ്റു ആകര്‍ഷണങ്ങളാകും.
കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്കും വിജ്ഞാനം പകരുന്നതിനുള്ള സെമിനാറുകള്‍ പൂപ്പൊലിയുടെ ഭാഗമാണ്.’പുഷ്പവിളകളുടെ പുത്തന്‍ സാങ്കേതിക വിദ്യകളും കമ്പോള സാധ്യതകളും’ എന്ന വിഷയത്തില്‍ സെമിനാറിന് ഫ്‌ളോറികള്‍ച്ചര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.കെ.വി. പ്രസാദ് നേതൃത്വം നല്‍കും. പഴങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം-ശാസ്ത്രവും കലയും, മറ്റു പഴവര്‍ഗവിളകള്‍, കൊക്കോ, സുഗന്ധവ്യഞ്ജന വിളകള്‍ എന്നിവയുടെ ശാസ്ത്രീയ കൃഷിരീതികളും വിള പരിപാലന മാര്‍ഗങ്ങളും, ജൈവ സെര്‍ട്ടിഫിക്കേഷന്‍, കാര്‍ഷിക മേഖലയില്‍ വിവരസാങ്കേതിക വിദ്യകളുടെ ഉപയോഗം, കൃത്യത കൃഷിരീതികള്‍, ഭക്ഷ്യവിളകളിലെ കീടനാശിനി അവശിഷ്ടവും പ്രശ്‌ന പരിഹാരമാര്‍ഗങ്ങളും തുടങ്ങിയ വിഷയങ്ങള്‍ സെമിനാറുകളില്‍ അവതരിപ്പിക്കും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ വിദഗ്ധരുടെ പാനല്‍ പങ്കെടുക്കുന്ന കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിക്കും. കര്‍ഷക ഉത്പാദക സംഘങ്ങള്‍ക്കുള്ള വികസന പദ്ധതികള്‍ എന്ന വിഷയത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ സെമിനാര്‍ നടത്തും.
12 ഏക്കര്‍ വരുന്ന പുഷ്‌പോത്സവ നഗരിയില്‍ കാര്‍ഷിക സര്‍വകലാശാല, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, വിവിധ ഗവേഷണ-വിജ്ഞാന വ്യാപന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടേതായി 200ല്‍പരം സ്റ്റാള്‍ ഉണ്ടാകും.
വടംവലി, പുഷ്പാലങ്കാരം, പച്ചക്കറികളിലെ കൊത്തുപണി, ജലച്ചായം, പെന്‍സില്‍ ഡ്രോയിംഗ്, ഫ്‌ളവര്‍ ബോയ് ആന്‍ഡ് ഫ്‌ളവര്‍ ഗേള്‍ മത്സരങ്ങള്‍, കാര്‍ഷിക പ്രശ്‌നോത്തരി, കക്കുറി ഷോ, പെറ്റ് ഷോ എന്നിവ പുഷ്‌പോത്സവത്തിന്റെ ഭാഗമായി നടത്തും. ദിവസവും സായാഹ്നത്തില്‍ കലാപരിപാടികള്‍ ഉണ്ടാകും. മുതിര്‍ന്ന ഒരാളിന് 50 ഉം കുട്ടിക്ക് 30 ഉം രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ബത്തേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ടിക്കറ്റ് കൗണ്ടര്‍ ഉണ്ടാകും.
ഓണ്‍ലൈന്‍ ബുക്കിംഗിനും സൗകര്യമുണ്ട്. ഇതര ജില്ലകളില്‍നിന്നു പൂപ്പൊലി നഗരിയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷം ആളുകളാണ് പൂപ്പൊലി ആസ്വദിക്കാനെത്തിയത്. ഇക്കുറി ഇതില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നതായി ഗവേഷണകേന്ദ്രം മേധാവി പറഞ്ഞു.
അമ്പലവയലില്‍ അന്താരാഷ്ട്ര പുഷ്‌പോത്സവത്തിനു ജനുവരി ഒന്നിന് തുടക്കം
