സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം ലക്ഷ്യം: പി.സതീദേവി

സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കാണുകയെന്നതാണ് വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന അദാലത്തുകളുടെ പ്രധാന ലക്ഷ്യമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള നീതി നിഷേധങ്ങൾക്ക് പരിഹാരം കാണുന്നതിനായി കളക്ടറേറ്റ് പഴശ്ശിഹാളിൽ സംഘടിപ്പിച്ച മഹിളാ ജൻ സുൻവായി പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പരാതിക്കാരുടെ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും കൗൺസിലിങ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. അന്താരാഷ്ട്ര വനിതാദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ അദാലത്തിൽ 58 പരാതികളാണ് പരിഗണിച്ചത്.

എട്ട് പരാതികൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖാന്തിരം തീർപ്പാക്കി. കോടതി നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കാതെ ഉടനടി പരാതിക്കാർക്ക് പരിഹാരം ലഭ്യമാക്കാൻ അദാലത്തിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒമ്പത് പരാതികൾക്ക് നിയമസഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് അവ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. അഞ്ച് പരാതികളിൽ പോലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. 35 പരാതികൾ കൂടുതൽ പരിശോധനയ്ക്കായി അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അദാലത്തിൽ നാല് പുതിയ പരാതികളും ലഭിച്ചു.

ജില്ലയിൽ ഗാർഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. ഭാര്യക്കും കുട്ടികൾക്കും ജീവിതച്ചെലവ് നൽകാതിരിക്കുക, കുടുംബസംരക്ഷണം ഉറപ്പാകാതിരിക്കുക, അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായി ഉയർന്ന പരാതികൾ. വനിതാ ശിശു വികസന വകുപ്പ് മുഖേന കൗൺസിലർമാരുടെ സേവനം വനിതാ കമ്മീഷൻ ലഭ്യമാക്കുന്നുണ്ട്. അദാലത്തിൽ രണ്ട് പരാതികൾ കൗൺസിലിങിനായി വിട്ടുനൽകി.

സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ, അഡ്വ.എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. പി.കുഞ്ഞായിഷ,

റിട്ട. ജില്ലാ ജഡ്ജ് പി. എൻ ശാന്തകുമാരി, അഡ്വ. കെ റീത്ത, ബി. പ്രേമശാലിനി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *