കൽപ്പറ്റ: ഭരണകൂടങ്ങൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇസ്രായേലിനെ പിന്തുണക്കുമ്പോഴും ഈ രാജ്യങ്ങളിലെ പോലും ജനങ്ങൾ ഫലസ്തീനൊപ്പമാണെന്നും കുട്ടികളെയുൾപ്പെടെ വംശഹത്യ നടത്തുന്ന ഇസ്രായീലിനെതിരെയാണ് ലോകമനസാക്ഷിയെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ അഭിപ്രായപ്പെട്ടു. കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. കുട്ടികളെയടക്കം കൊലപ്പെടുത്തി യുദ്ധനിയമങ്ങളെല്ലാം അട്ടിമറിക്കുകയാണ് ഇസ്രായീൽ. ജനിച്ച മണ്ണിൽ അഭയാർത്ഥികളായി കഴിയേണ്ടി വരുന്ന ഫലസ്തീനികളുടെ പോരാട്ടത്തെ ഇന്ത്യന് ജനത എല്ലാകാലവും പിന്തുണച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഫലസ്തീനിലെത്തി ഇ.അഹമ്മദ് ഐക്യദാർഢ്യം പ്രകടിപ്പിച്ചതും ഈ നിലപാടിന്റെ ഭാഗമായിരുന്നു. ഈ പാരമ്പര്യമാണ് കേന്ദ്ര സര്ക്കാര് പിന്തുടരേണ്ടത്. യുദ്ധങ്ങൾ തീരാദുരിതങ്ങൾ മാത്രമാണ് സമ്മാനിക്കുകയുള്ളുവെന്നും അതിനാല് തന്നെ വംശഹത്യയടക്കമുള്ള യുദ്ധ ഭീകരക്കെതിരെ സമൂഹ മനസാക്ഷി കൂടുതൽ ശക്തമാവേണ്ടതുണ്ടെന്നും തങ്ങൾ പറഞ്ഞു. കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഷാജി കുന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, കൽപ്പറ്റ മണ്ഡലം ലീഗ് പ്രസിഡന്റ് ടി.ഹംസ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ഷമീം പാറക്കണ്ടി, ജാസർ പാലക്കൽ, അഡ്വ. എ.പി മുസ്തഫ, മണ്ഡലം ലീഗ് ഭാരവാഹികളായ കെ.കെ ഹനീഫ, അലവി വടക്കേതിൽ, പനന്തറ മുഹമ്മദ്, അബൂബക്കർ സിദ്ദീഖ്, സി.ഇ ഹാരിസ്, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെ.എം തൊടി മുജീബ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി. ശിഹാബ് സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. പ്രകടനത്തിന് അസീസ് അമ്പിലേരി, ലത്തീഫ് നെടുങ്കരണ, ഹകിം വി.പി.സി, ഖാലിദ് ചെന്നലോട്, സലിം പിണങ്ങോട്, സി.ടി ഉനൈസ് തുടങ്ങിയവർ നേതൃത്വം നൽകി.