വികസന വഴികള്‍ കടന്ന് ഒ ആര്‍ കേളുവിന്റെ പ്രചാരണം മുന്നേറുന്നു

മാനന്തവാടി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു ബുധനാഴ്ച രാവിലെ പത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. സ്ഥാനാര്‍ഥി ആദ്യമെത്തിയത് തലപ്പുഴ പാരിസണ്‍സ് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ കാണാനാണ്. എസ്റ്റേറ്റിലെ 9,11 നമ്പര്‍ പ്രദേശത്തെ തൊഴിലാളികളെ കണ്ടു. വോട്ടഭ്യര്‍ഥന നടത്തി. തൊഴിലാളികളുടെ ജോലിഭാരം കൂട്ടാതെ തന്നെ കൂലി വര്‍ദ്ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് തൊഴിലാളികള്‍ നന്ദി പറഞ്ഞു. പിന്നീട് ഫാക്ടറിയിലെ തൊഴിലാളികളേയും മാനേജ്‌മെന്റ് പ്രതിനിധികളുടേയും പിന്തുണ ഉറപ്പാക്കി. തുടര്‍ന്നെത്തിയത് കാട്ടേരിക്കുന്ന് പ്രദേശത്താണ്. കഴിഞ്ഞ പ്രളയക്കാലത്ത് ഒലിച്ച്‌പോയ പാലത്തിന് 2.5 കോടി രൂപ ഒ ആര്‍ കേളു അനുവദിച്ചതില്‍ നാടാകെ രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നും രാഷ്ട്രീയം നോക്കി പാലത്തിന് തുരങ്കംവച്ചവരെ പടിക്ക് പുറത്ത് നിര്‍ത്തുമെന്നും നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു. ശേഷം ചുങ്കം മഹല്ല് കമ്മിറ്റി ഭാരവാഹികളേയും പ്രദേശത്തെ പൗര പ്രമുഖരേയും കണ്ടു. മലയോര ഹൈവ പദ്ധതി നടപ്പിലാക്കി തലപ്പുഴ റോഡിനെ മികച്ച നിലവാരത്തിലുയര്‍ത്തിയത് നാട്ടിന്റെ എക്കാലത്തേയും ആവശ്യമാണെന്നും അത് സാധ്യമാക്കിയത് ഒ ആര്‍ കേളുവിന്റെ നേതൃത്വത്തിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

അതോടൊപ്പം തന്നെ പുതിയിടം പ്രദേശത്തുമെത്തി. 400ഓളം കുടുംബങ്ങളുടെ കാലങ്ങളായുള്ള ഭൂമിപ്രശ്‌നമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പരിഹരിച്ചത്. പുതിയിടത്തെ വോട്ടര്‍മാര്‍മാരുടെ സ്‌നേഹ നിര്‍ഭരമായ സ്വീകരണത്തിന് ശേഷം ചുങ്കം സെന്റ് തോമസ് ചര്‍ച്ചിലെത്തി പള്ളിവികാരി ആന്റണി മഠത്തില്‍പറമ്പിലിനേയും ഇടവക കമ്മിറ്റിക്കാരേയും കണ്ടു. പിന്തുണ ഉറപ്പിച്ചു. തുടര്‍ന്നെത്തിയത് സിപിഐ എം നേതാവായിരുന്ന പി പി ആലിയുടെ കുടുബ വീട്ടിലെത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ യാതൊരു ആശങ്കയുമില്ലാതെ മൂന്നാമതും അധികാരത്തിലെത്തുമെന്നും ഒ ആര്‍ കേളു വര്‍ദ്ധിത ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി പി ആലിയുടെ കുടുംബം പറഞ്ഞു. ശേഷം 44ലെ തോട്ടം തൊഴിലാളികളേയും അവിടെ തന്നെയുള്ള വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവത്തിലും പങ്കെടുത്തു. ക്ഷേത്രത്തിലെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥിയെ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. തങ്ങളുടെ ‘ കേളുവേട്ടനൊപ്പം’ സെല്‍ഫിയെടുക്കാനും വീഡിയോ പകര്‍ത്തിയും അവര്‍ മറന്നില്ല. പിന്നീട് പേര്യ പ്രദേശത്തേക്ക് പോയി.യാത്രാമധ്യേ എല്ലാ മഴക്കാലത്തും ഒലിച്ചുപോയിരുന്ന മേലെവരയാല്‍ പാലത്തിന് പകരമായി ഒ ആര്‍ കേളു മുന്‍കൈയെടുത്ത് നിര്‍മ്മിച്ച് വരുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. പേര്യ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും വോട്ടഭ്യര്‍ത്ഥിച്ചു. ശേഷം പാറത്തോട്ടം മഠത്തിലും പേര്യ 34, ആലാറ്റില്‍, എടലക്കുന്നി ഉന്നതി എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ കണ്ടു. വട്ടോളിപാലത്തിന് അഞ്ചു കോടി അനുവദിച്ചതില്‍ വോട്ടര്‍മാര്‍ നന്ദിപറഞ്ഞു. വൈകീട്ട് 4.30യോടെ വാളാട് എത്തി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ വോട്ടര്‍മാരെ കണ്ടു. പിന്നീട് വാളാട് വലിയക്കൊല്ലി ഉന്നതി, യവനാര്‍കുളം എന്നിവടങ്ങിലുമെത്തി. പേര്യ, വാളാട് പ്രദേശത്തിന്റെ തന്നെ മുഖഛായ മാറ്റിയ 103 കോടി രൂപയില്‍ നിര്‍മ്മിച്ച മാനന്തവാടി കുളത്താട പേര്യ വാളാട് ഹൈടെക് റോഡും പഴയ തൂക്കുപാലത്തിന് പകരമായ 13 കോടിക്ക് നിര്‍മ്മിച്ച പുലിക്കാട്ട് കടവ് പാലവും മറ്റു നിരവധിയായ വികസന പദ്ധതികളും എന്നും പിന്നാക്കം നിന്ന ഒരു നാടിന്റെ സ്വപ്‌നങ്ങള്‍ക്കാണ് ചിറക് മുളപ്പിച്ചത്. നേതാക്കളായ ടി കെ പുഷ്പന്‍, ബാബു ഷജില്‍കുമാര്‍, എന്‍ ജെ ഷജിത്ത്, ടി കെ അയ്യപ്പന്‍, എന്‍ എം ആന്റണി, അനിഷ സുരേന്ദ്രന്‍, വി ആര്‍ വിനോദ്, സി ടി പ്രേംജിത്ത്, പി കെ ജയനാരായണന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *