മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി മന്ത്രി ഒ ആർ കേളു നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ സബ്കലക്ടർ അതുൽ സാഗറിന് വ്യാഴാഴ്ച ഉച്ചയോടെയാണ് പത്രിക നൽകിയത്. കണിയാരം കത്തീഡ്രൽ ദേവാലയ ഓഡിറ്റോറിയത്തിൽ ചേർന്ന മണ്ഡലം കൺവൻഷനുശേഷം പ്രവർത്തകരൊന്നിച്ച് പ്രകടനമായെത്തിയാണ് പത്രിക നൽകിയത്. കത്തുന്ന വെയിലിലും നൂറുകണക്കിനുപേർ പങ്കെടുത്ത ആവേശപ്രകടനമായിരുന്നു. എൽഡിഎഫ് നേതാക്കളായ ഇ ജെ ബാബു, പി വി സഹവേദൻ, എ എൻ പ്രഭാകരൻ, കുര്യാക്കോസ് മുള്ളൻമട എന്നിവരും പത്രികാ സമർപ്പണത്തിന് ഒപ്പമുണ്ടായിരുന്നു.
തുടർച്ചയായി മൂന്നാം തവണയാണ് മണ്ഡലത്തിൽ ഒ ആർ കേളു ജനവിധി തേടുന്നത്. 2016ൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ തോൽപ്പിച്ചാണ് നിയമസഭയിൽ എത്തിയത്. 2021ൽ വിജയം ആവർത്തിച്ചു. 10 വർഷത്തെ വികസനക്കുതിപ്പിൽ മണ്ഡലത്തിന്റെ മുഖച്ഛായമാറ്റി നാട്ടുകാരുടെ പ്രിയപ്പെട്ട കേളുവേട്ടനായി. വികസനത്തുടർച്ചയ്ക്കായാണ് മത്സരം.
