കല്‍പ്പറ്റ: ജനമനസുകളുടെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പര്യടനം. തിങ്കളാഴ്ച മൂപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിക്കാനായി എത്തിയത്. സൂചിപ്പാറയിലെത്തിയ പ്രചരണത്തിനെത്തിയ സിദ്ദിഖ് വനസംരക്ഷണസമിതി ജീവനക്കാരോട് ഉള്‍പ്പെടെ വോട്ടഭ്യര്‍ഥിച്ചാണ് മടങ്ങിയത്. ചൂരല്‍മല അങ്ങാടിയിലെത്തി പ്രദേശവാസികളുമായി ഏറെനേരം സംസാരിച്ച ശേഷമായിരുന്നു സിദ്ദിഖ് മടങ്ങിയത്. നെല്ലിമുണ്ട, ചുളിക്ക, അഞ്ചുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലുമെത്തി ഇന്നലെ വോട്ടഭ്യര്‍ഥിച്ചു. തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വലിയ സ്വീകാര്യതയാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഉരുള്‍ദുരന്തബാധിതരായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഏറ്റെടുത്ത് നടപ്പിലാക്കുന്നതും, ദുരന്തബാധിതര്‍ക്കായി രാപകല്‍ വ്യത്യാസമില്ലാതെ നടത്തിയ പ്രവര്‍ത്തനങ്ങളുമെല്ലാം ദുരന്തത്തിന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ വീണ്ടും പങ്കുവെക്കുന്നതും പ്രചരണവേളയിലെ കാഴ്ചയായിരുന്നു. കാവുമന്ദം പരദേവത കാവിലും തിങ്കളാഴ്ച സിദ്ദിഖെത്തി. മുന്‍സിപ്പല്‍, പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ക്കും നിയോജകമണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമായി കഴിഞ്ഞു. മുട്ടില്‍, കല്‍പ്പറ്റ, മേപ്പാടി എന്നിവിടങ്ങളിലെ കണ്‍വെന്‍ഷനുകളിലും ഇന്നലെ സിദ്ദിഖെത്തി. വരുംദിവസങ്ങളില്‍ വിവിധ പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ പര്യടനം നടത്തി യു ഡി എഫ് പ്രചരണം ശക്തമാക്കും.
