മുട്ടിക്കൊമ്പനായുള്ള ദൗത്യം മൂന്നാം ദിനവും വിഫലം: ആന കാടുകയറി

വയനാട്: വള്ളുവാടിയിൽ ഭീതി പരത്തുന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല. ജനവാസ മേഖലയ്ക്ക് സമീപം വനത്തിനുള്ളിൽ ആനയെ കണ്ടെത്തിയെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായി.

 

വള്ളുവാടിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ആനയെ പുലർച്ചെ മൂന്ന് മണിയോടെ മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. എന്നാൽ ആന അക്രമാസക്തനായതോടെ സുരക്ഷ മുൻനിർത്തി ശ്രമം താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. നാല് റേഞ്ചുകളിൽ നിന്നുള്ള എഴുപതിലധികം ആർ.ആർ.ടി ഉദ്യോഗസ്ഥരും അഞ്ച് കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

 

ആദ്യദിനം ആനയെ മയക്കുവെടി വെച്ചിരുന്നെങ്കിലും മയങ്ങുന്നതിന് മുമ്പ് തന്നെ ആന കാടുകയറിയിരുന്നു. ജനവാസ മേഖലയ്ക്ക് അടുത്തെത്തിയാൽ മാത്രമേ ആനയെ സുരക്ഷിതമായി മയക്കുവെടി വെച്ച് പിടികൂടാനാകൂ എന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പിടികൂടുന്ന ആനയെ മുത്തങ്ങയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൂട്ടിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *