മാനന്തവാടി: മനം നിറഞ്ഞ മാനന്തവാടിയുടെ വികസന നായകൻ ഒ ആർ കേളുവിന്റെ വിജയക്കുതിപ്പിന് കരുത്തുപകർന്ന് ആയിരങ്ങളുടെ റോഡ് ഷോ. നഗരത്തെ ഇളക്കിമറിച്ച് ജനസാഗരം നിറഞ്ഞൊഴുകി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്ത റോഡ് ഷോ മാനന്തവാടി മണ്ഡലത്തിന്റെ മനസ്സ് വിളിച്ചോതുന്നതായി.
10 വർഷത്തിൽ അന്പതാണ്ടിന്റെ വികസനക്കുതിപ്പ് നടത്തിയ നാടിന്റെ പ്രിയപ്പെട്ട കേളുവേട്ടനൊപ്പമാണ് തങ്ങളെന്ന് മാനന്തവാടി വിളിച്ചുപറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി കൂടുതൽ മികവോടെ മാനന്തവാടിയിൽ നിലനിർത്താനും സമാനതകളില്ലാത്ത വികസനക്കുതിപ്പിന്റെ തുടർച്ചയ്‌ക്കും ഒ ആർ കേളുവിന് മൂന്നാം വിജയം സമ്മാനിക്കാൻ നാടൊരുങ്ങിയെന്നതിന്റെ സാക്ഷ്യപ്പെടുത്തൽകൂടിയായി റോഡ് ഷോ.എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ഒന്നരമണിക്കൂറോളം എടുത്താണ് നഗരം ചുറ്റി പൊതുസമ്മേളന വേദിയായ ഗാന്ധി പാർക്കിൽ സമാപിച്ചത്.
എറ്റവും മുന്നിൽ കൂറ്റൻകൊടികൾ പാറി. വാദ്യമേളങ്ങൾക്കുപിന്നിൽ തുറന്ന വാഹനത്തിൽ സ്ഥാനാർഥി മന്ത്രി ഒ ആർ കേളുവും ജനനായകൻ എം എ ബേബിയും ആളുകളെ അഭിവാദ്യം ചെയ്‌തു. ബാനറിന് പിറകിൽ ജനസമുദ്രമൊഴുകി. ഒ ആർ കേളുവിന്റെ വലിയ ചിത്രങ്ങളും പ്ലക്കാർഡുകളുമായാണ് സ്‌ത്രീകളുൾപ്പെടെയുള്ള ആയിരങ്ങൾ നിരന്നത്. മുദ്രാവാക്യം വിളികളും പാട്ടും നൃത്തവുമെല്ലാമായി റോഡ് ഷോ ആഘോഷത്തിമിർപ്പിലായി. പാട്ടിനൊപ്പം യുവാക്കളും വിദ്യാർഥികളും ചവടുവച്ചു. തങ്ങളുടെ പ്രിയ നേതാവിന്റെ വിജയം ഉറപ്പിച്ച് ഗോത്രജനതയും ഒഴുകിയെത്തി.
എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും ഭരണത്തുടർച്ചയുടെ ആവശ്യകതയും പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത് എം എ ബേബി വരച്ചിട്ടു. ന്യൂനപക്ഷങ്ങളെ തകർക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്‌സിആർഎ നിയമഭേദഗതിയുടെ അപകടം അക്കമിട്ട് നിരത്തി. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ രാഹുൽഗാന്ധിയുടെയും കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന്റെ മൗനവും തുറന്നുകാണിച്ചു. എഫ്‌സിആർഎ നിയമഭേദഗതി ഉൾപ്പെടെയുള്ള ആർഎസ്‌എസ് അജൻഡകൾക്കെതിരെ പൊരുതാനും കേരളത്തിന്റെ വെളിച്ചം കെടാതിരിക്കാനും എൽഡിഎഫിനെ മൂന്നാമതും അധികാരത്തിലേറ്റണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി കെ ശശിധരൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കാളായ കെ റഫീഖ്, സി കെ ശശിന്ദ്രൻ, ഇ ജെ ബാബു, പി വി സഹദേവൻ, എൻ യു ജോൺ, കുര്യാക്കോസ് മുള്ളൻമട, ജയരാജ് പുൽപ്പള്ളി, എ എൻ സലീംകുമാർ, ടോണി, അസീസ് കൊടക്കാട്ട് എന്നിവർ സംസാരിച്ചു.
