അഭിഷേകിന് സ്ഥാനാര്‍ഥിയെ കാണണം; നിറചിരിയോടെ അരികിലെത്തി ടി സിദ്ദിഖ്

പടിഞ്ഞാറത്തറ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പടിഞ്ഞാറത്തറയിലെ പ്രചരണ പരിപാടിക്കിടെയാണ് അഭിഷേക് കാണണമെന്ന് അഗ്രഹം പ്രകടിപ്പിച്ചതായി സിദ്ദിഖ് അറിയുന്നത്. തുടര്‍ന്ന് സ്ഥാനാര്‍ഥി കുറുമണി കൊച്ചുകുളത്തെത്തുകയായിരുന്നു. വീടിന് സമീപത്തെ വഴിയില്‍ കുടുംബത്തോടൊപ്പമെത്തിയ അഭിഷേകിനെ ഷാളണിയിച്ച് വിശേഷങ്ങളെല്ലാം ചോദിച്ച ശേഷമായിരുന്നു സിദ്ദിഖ് മടങ്ങിയത്. കുപ്പാടിത്തറ മുണ്ടകുറ്റി പുലിക്കാട്ടുകുന്നില്‍ തങ്കപ്പന്റെ മകന്‍ അഭിഷേകിന്റെ ജീവിതം ചെറുപ്പം മുതല്‍ വീല്‍ചെയറിയിലായിരുന്നു. കല്‍പ്പറ്റയുടെ എം എല്‍ എ എന്ന നിലയില്‍ സുപരിചിതനായ സ്ഥാനാര്‍ഥിയെ കാണാനുള്ള അവന്റെ ആഗ്രഹത്തിനൊപ്പം പ്രദേശവാസികളുമുണ്ടായിരുന്നു. അഭിഷേകിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ പ്രദേശവാസികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു സിദ്ദിഖ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *