കോൺഗ്രസിന്റെ വാഗ്‌ദാനങ്ങൾ നാടിനെ വഞ്ചിക്കാൻ: എ വിജയരാഘവൻ

പനമരം : നടപ്പാക്കാനുള്ളതല്ല, വഞ്ചിക്കാനുള്ള വാഗ്‌ദാനങ്ങളാണ്‌ കോൺഗ്രസ്‌ നൽകുന്നെതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. പനമരത്ത്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ്‌ യുഡിഎഫ്‌ അജൻഡ. 600 രൂപ ക്ഷേമപെൻഷൻ 18 മാസം നൽകാത്തവരാണ്‌ മാസം മൂവായിരം നൽകുമെന്ന്‌ പറയുന്നത്‌.

ദുരന്തബാധിതർക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ കോൺഗ്രസ്‌ 150 കോടി രൂപ പിരിച്ചു. ഒരു ഇഷ്ടികപോലും വയ്‌ക്കാതെ പണം ധൂർത്തടിച്ചു. കണക്കുചോദിക്കുന്ന മാധ്യമപ്രവർത്തകരുടെ മൈക്ക്‌ ഉ‍ൗരി പോകുകയാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. നുണകൾക്കൊണ്ട്‌ വീട്‌ നിർമിച്ച്‌, വീണിടത്തുകിടന്ന്‌ ഉരുളുകയാണ്‌. ദുരന്തബാധിതരോടുള്ള വഞ്ചന കേരളം പൊറുക്കില്ല.

പ്രതിപക്ഷ നേതാവിന്റെ പ്രധാനപ്പെട്ട പണി നുണ നിർമാണമാണ്‌.

പിണറായി വിജയനെ ജയിലിലടക്കാത്തതിലാണ്‌ രാഹുൽഗാന്ധിയുടെ വിഷമം. ഡൽഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ്‌ കെജ്‌രിവാളിനെ ജയിലിലടപ്പിച്ചിട്ടും രാഹുലിലനും കോൺഗ്രസിനും തൃപ്‌തിയായിട്ടില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം ബിജെപിയിലെത്തി. നരേന്ദ്ര മോദിക്കെതിരെ പോരാടുന്ന മുഖ്യമന്ത്രിമാരെ ജയിലിലടപ്പിക്കലാണ്‌ രാഹുലിന്റെ പണി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന്റെ അധപതനമാണിത്‌.

കോൺഗ്രസിനും ബിജെപിക്കും കേരളത്തോട്‌ വിരോധമാണ്‌. കർണാടകയിലും ഉത്തരേന്ത്യയിലും ന്യൂനപക്ഷങ്ങളുടെ വീടുകൾക്ക്‌ മുകളിലൂടെ ഇവർ ബുൾഡോസർ ഓടിക്കുകയാണ്‌. കേരളത്തിൽ അങ്ങനെയില്ലാത്തതിന്റെ വിഷമാണ്‌ ഇരുകൂട്ടർക്കും. കേരളത്തിന്റെ നന്മയും വളർച്ചയും തകർക്കലാണ്‌ ഇരുകൂട്ടരുടെയും ലക്ഷ്യം. കേരളത്തിന്‌ വികസനത്തിന്റെ വഴിയിൽ മുന്നോട്ടുപോകണോ, അതോ ഇരുട്ടുനിറയ്‌ക്കണോ എന്നതാണ്‌ തെരഞ്ഞെടുപ്പിലെ ചോദ്യം. ആത്മവിശ്വാസമുള്ള മലയാളിയെ സൃഷ്ടിച്ചത്‌ ഇടതുപക്ഷമാണ്‌. നവകേരളക്കുതിപ്പിന്‌ എൽഡിഎഫ്‌ സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന്‌ വിജയരാഘവൻ പറഞ്ഞു.

ആലി തിരുവൾ അധ്യക്ഷനായി. സുബൈർ കടന്നോളി, കെ സി ജബ്ബാർ, മമ്മൂട്ടി കരിന്പുമ്മൽ, എം എ ചാക്കോ, പി സി വത്സല എന്നിവർ സംസാരിച്ചു. കെ പി ഷിജു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *