മാനന്തവാടിയില്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

കല്‍പ്പറ്റ: സംസ്ഥാന സീനിയര്‍ പുരുഷ, വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി താഴെയങ്ങാടിയില്‍ സജ്ജമാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ജനുവരി ഒന്നു മുതല്‍ ഏഴു വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം. മധു, കെ. റഫീഖ്, അസീസ് വാളാട്, എന്‍.ജെ. ഷിജിത്ത്, പി.എം. ഹസീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിനു രാവിലെ 7.30ന് കോഴിക്കോട്, തൃശൂര്‍ വനിത ടീമുകള്‍ തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ മൂന്നു ദിവസം ലീഗ് റൗണ്ടാണ്. രാവിലെ 7.30 മുതല്‍ മുതല്‍ രാത്രി 11 വരെ മത്സരങ്ങള്‍ ഉണ്ടാകും. നാലു മുതല്‍ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിന് മത്സരം ആരംഭിക്കും. നാല്, അഞ്ച് തീയതികളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ആറിന് സെമി ഫൈനല്‍ മത്സരങ്ങളും ഏഴിന് ഫൈനലും നടക്കും. പാസ് ഉള്ളവര്‍ക്കാണ് പ്രവേശനം.

ഒന്നിനു വൈകുന്നേരം ആറിന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടന സമ്മേളനത്തില്‍ എംഎല്‍എമാരായ ഒ.ആര്‍. കേളു, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ഐ.എം. വിജയന്‍, കിഷോര്‍കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ദിവസവും സായാഹ്നത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകും. ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകള്‍ക്കുവേണ്ടി കേരള പോലീസ്, ബിപിസിഎല്‍, കെഎസ്ഇബി ഉള്‍പ്പെടെ ടീമുകളിലെ ദേശീയ, സംസ്ഥാന, ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങള്‍ അണിനിരക്കും. സംസ്ഥാന സീനിയര്‍ പുരുഷ, വനിത വോളിബോള്‍ ടീമുകളെ ചാമ്പ്യന്‍ഷിപ്പില്‍നിന്നു തെരഞ്ഞെടുക്കും. ജേതാക്കള്‍ക്ക് റിമാല്‍ ഗ്രൂപ്പ് ട്രോഫിയും രാജേഷ് മണ്ണാപറമ്പില്‍ ട്രോഫിയും സമ്മാനിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *