ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ടിന് തുടങ്ങും

കല്‍പ്പറ്റ : ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കാവുമന്ദം ലൂര്‍ദ്മാതാ ചര്‍ച്ച് ഹാളിലും പരിസരത്തുമായി നടത്തും.

ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു, സുല്‍ത്താന്‍ബത്തേരി ക്ഷീര സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, തരിയോട് ക്ഷീര സംഘം പ്രസിഡന്റ് എം.ടി. ജോണ്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം. നൗഷ, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി.എച്ച്. സിനാജുദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

സംഗമം ഔദ്യോഗിക ഉദ്ഘാടനം അഞ്ചിന് രാവിലെ 10ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മികച്ച ക്ഷീര കര്‍ഷകനെയും കര്‍ഷകയെയും ആദരിക്കും.

50-ാം വാര്‍ഷികം ആഘോഷിക്കുന്ന തരിയോട് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് സംഗമം. സംഘം പ്രതിനിധികള്‍, ക്ഷീര വികസന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ഷീരകര്‍ഷകരുമായി നടത്തുന്ന മുഖാമുഖം, സെമിനാറുകള്‍, കലാ-കായിക പരിപാടികള്‍, കന്നുകാലി പ്രദര്‍ശനം തുടങ്ങിയവ സംഗമത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *