പ്രസവവേദനയിൽ നിന്ന് പുതുജീവിതത്തിലേക്ക്; യുവതിക്ക് സഹായമായത് പൊലീസിന്റെ അടിയന്തിര ഇടപെടൽ

ആശുപത്രിയിൽ എത്താൻ വാഹനമില്ലാതെ അർദ്ധരാത്രിയിൽ പ്രസവവേദനയിൽ വലഞ്ഞ യുവതിക്ക് സഹായ ഹസ്തമേകി വയനാട് പോലീസ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പോലീസ് ക്യു.ആർ.ടി പട്രോളിംഗ് സംഘത്തിന്റെയും തൊണ്ടർനാട് പോലീസിന്റെയും അടിയന്തിര ഇടപെടലാണ് യുവതിക്കും കുടുംബത്തിനും തുണയായത്. ദുർഘട പാതയിൽ കിലോമീറ്ററുകൾ താണ്ടി പോലീസ് വാഹനത്തിൽ കൃത്യസമയത്ത് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചതിനെത്തുടർന്ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പോലീസിന്റെ പ്രവർത്തിയെ അഭിനന്ദിച്ചു.

 

തിരഞ്ഞെടുപ്പ് ദിനത്തിന്റെന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. നിരവിൽപ്പുഴ, മാരാടി ഉന്നതിയിലെ കുറുമൻ- മല്ലിക ദമ്പതികളുടെ മകൾ സരോജിനിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിനായി പ്രദേശത്തെ മിക്ക സർവീസുകളെയും ബന്ധപ്പെട്ടെങ്കിലും ആംബുലൻസടക്കം ഒരു വാഹനവും ലഭ്യമായില്ല. ഒടുവിൽ, 112ൽ വിളിച്ച് പോലീസ്‌ സഹായം തേടുകയായിരുന്നു. തൊണ്ടർനാട് സ്റ്റേഷൻ ജി ഡി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ആർ അനൂപ്, എസ്.സി.പി.ഒ മുഹമ്മദ് സാലിം എന്നിവർ ഉടൻ ക്യു.ആർ.ടി പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പൊലീസ് സംഘത്തെ ബന്ധപ്പെട്ടു. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ഒരു ആശാ വർക്കറെ സംഘടിപ്പിച്ച് പോലീസ് സംഘത്തിന്റെയൊപ്പം അയക്കുകയും ചെയ്തു. ക്യു ആർ ടി അംഗങ്ങളായ എസ്.ഐ. വർഗീസ് തോമസ് (ട്രാഫിക് യൂണിറ്റ്, മാനന്തവാടി), എസ്.സി.പി.ഒ ഡ്രൈവർ ഷിനു റോഷൻ, കെ.എ.പി അഞ്ചാം ബറ്റാലിയനിലെ റിജോ ജോണി, വിനു വർഗീസ്, മിഥുൻ കെ. ബാബു, വിജയ് വിശ്വo എന്നിവർ ദുർഘട പാതകൾ താണ്ടി ഉന്നതിയിലെത്തുകയും, അതീവ ശ്രദ്ധയോടെ ആശുപത്രിയിൽ യുവതിയെ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച് മിനിറ്റുകൾക്കുള്ളിൽതന്നെ സരോജിനി പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരെ നാട്ടുകാരും ആരോഗ്യപ്രവർത്തകരും അഭിനന്ദനങ്ങളറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *