മാനന്തവാടി: പട്ടികവർഗ മേഖലകളിലെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ രൂപീകരിച്ച ‘വിദ്യാവാഹിനി’ പദ്ധതിയിലെ വാടക കുടിശ്ശികകൾ ഉടൻ നൽകി തീർക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി വാടകയും വേതനവും ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർമാരും വാഹന ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
പെരുന്നാളും ഈസ്റ്ററും കഴിഞ്ഞിട്ടും വിഷുക്കാലത്തും പോലും വരുമാനമില്ലാതെ കുടുംബച്ചെലവുകൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. ഡീസൽ ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും നിറവേറ്റാൻ കടം വാങ്ങിയാണ് സർവീസ് തുടരുന്നതെന്നും, നിരവധി പേർ കടക്കെണിയിലായിരിക്കുകയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ അവസ്ഥ തുടർന്നാൽ വാഹനങ്ങൾ സർവീസ് നിർത്തേണ്ട സാഹചര്യം ഉണ്ടാകുകയും, വിദ്യാർത്ഥികളുടെ പഠനത്തിനും സുരക്ഷിതമായ യാത്രക്കും തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ സമൂഹത്തിനാകെ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
അതുകൊണ്ട് തന്നെ ബന്ധപ്പെട്ട വകുപ്പ് അടിയന്തരമായി ഇടപെട്ട് തൊഴിലാളികളുടെയും വാഹന ഉടമകളുടെയും കുടിശ്ശിക തുകകൾ ഉടൻ നൽകി തീർക്കണമെന്നും, ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, ട്രഷറർ ഷുഹൈബ് ടി കെ, സുമയ്യ പി കെ, ഖദീജ ടി, സാദിഖ് വി, നുഹ്മാൻ യു കെ, കുഞ്ഞബ്ദുല്ല എം ടി, ആലി പി തുടങ്ങിയവർ സംസാരിച്ചു
