സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു

കൽപ്പറ്റ: ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിട്ടറിങ് പോര്‍ട്ടല്‍, ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു.

 

പരിശീലനത്തിന്റെ സമാപന സെഷന്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

 

അടുത്തഘട്ടമായി ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലനം നടക്കും. തുടര്‍ന്ന് പ്രദേശിക, നഗര തലങ്ങളില്‍ ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകള്‍ നിശ്ചയിക്കുകയും എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ ചുമതലകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും.

 

ആറ് എന്യുമറേറ്റര്‍മാര്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന നിലയിലായിരിക്കും ഉദ്യോഗസ്ഥ വിന്യാസം. ഇവരുടെ പരിശീലനം കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഫീല്‍ഡ് തലത്തിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

 

താലൂക്ക്, മുനിസിപ്പാലിറ്റ് തലങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജില്ലയില്‍ എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നീ ചുമതലകളില്‍ 1726 പേരെയും ഫീല്‍ഡ് ട്രെയിനര്‍മാരായി 30 പേരെയും മാസ്റ്റര്‍ ട്രെയിനര്‍മാരായി രണ്ട് പേരെയും നിയോഗിക്കും.

 

സംസ്ഥാനത്തുടനീളം ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതുവിവരശേഖരണവുമാണ് ആദ്യഘട്ടം. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്‍കാനാവുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമൊരുക്കുന്നുണ്ട്.

 

തുടര്‍ന്ന് അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്. പരിശീലനത്തിന് ജില്ലാ സെന്‍സസ് ഓഫീസര്‍ കൂടിയായ എ.ഡി.എം എ ജയശ്രീ, സെന്‍സസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ രാജേഷ്, അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *