ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം.

 

ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂർഖൻ പാമ്പാണ് കടിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.

 

സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ് ദിലീപ്. ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ വേണ്ടവിധത്തിൽ എടുത്തില്ല. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും പിതാവ് സ്വകാര്യ ചാനലിനോട് പറഞ്ഞു.

 

ഞങ്ങൾ പാമ്പിനെ കണ്ടില്ലായിരുന്നു. പാമ്പ് കടിച്ചതാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന നഴ്സ് മാത്രമാണ് കുട്ടിയെ തൊട്ടെങ്കിലും നോക്കിയത്. ഡോക്ടർ ചുമ്മാ നോക്കിനിൽക്കുകയായിരുന്നു. ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ഒരു പ്രതിവിധിയും അവർ ചെയ്തില്ല. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഉടൻ തന്നെ ആംബുലൻസിൽ കയറ്റിവിടാൻ പറയുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് തന്നെ അനക്കമില്ലായിരുന്നു’- പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *