കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതം ഉടൻ അനുവദിക്കണമെന്ന് യുഡിഎഫ് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം അംഗീകാരം ലഭിച്ച പദ്ധതികൾ നടപ്പിൽ വരുത്തിയവയുടെ പണം അനുവദിക്കാത്തതിനാൽ പുതിയ സാമ്പത്തിക വർഷം അംഗീകാരം ലഭിച്ച പദ്ധതികൾ വെട്ടിക്കുറക്കേണ്ട അവസ്ഥ വരുമെന്നും ഇത് പുതിയ ഭരണസമിതി കൊണ്ടുവന്ന പദ്ധതികളിൽ പലതും വെട്ടിക്കുറക്കേണ്ട അവസ്ഥയിലാണ് ഉള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.
കോട്ടത്തറ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാന ഗഡുവായി അനുവദിക്കാനുള്ള ഒരു കോടിയിൽ പരം രൂപ അടിയന്തിരമായി അനുവദിക്കണമന്ന് യോഗം ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വരൾച്ച ദുരിതാശ്വാസ ഫണ്ട് ലഭ്യമാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചെയർമാൻ അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു.
കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ, വിസി അബൂബക്കർ ഹാജി, ജനപ്രതിനിധികളായ രജിത സി സി, അജീഷ് ഇ സി, രനീഷ് പി പി, ഇ.ആർ പുഷ്പ, ജസ്റ്റിൻസിറിയക്, റംല അസീസ്,വി ആർ ബാലൻ, പി കെ ജോൺ എന്നിവർ സംസാരിച്ചു.
