കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി പഠന ക്യാമ്പും സമുദായ ദിനാഘോഷവും നടത്തുന്നു

കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി പഠന ക്യാമ്പും സമുദായ ദിനാഘോഷവും നടത്തുന്നു.’സമുദായം, ചരിത്രം, സമകാലികം’ എന്ന വിഷയത്തില്‍ പഠന ക്യാമ്പ് ദ്വാരകയിലെ രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ചയും സമുദായ ദിനാഘോഷം ഇടവകകളില്‍ മൂന്നിനുമാണ് സംഘടിപ്പിക്കുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ്

ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ട്രഷറര്‍ സജി ഫിലിപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ ഇടവകകളില്‍നിന്നു 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠന ക്യാമ്പ് രാവിലെ 10ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ.ജോബി മുക്കാട്ടുതാവുങ്കല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിക്കും. സജി ഫിലിപ്പ്, ഗ്ലോബല്‍ വൈസ് പ്രസിഡന്‍് ഡോ.കെ.പി. സാജു, റെനില്‍ കഴുതാടിയില്‍, അഡ്വ.ഗ്ലാഡിസ് ചെറിയാന്‍, സാജു പുലിക്കോട്ടില്‍, തോമസ് പട്ടമന, മോളി മാമൂട്ടില്‍, ജിജോ മംഗലത്ത് എന്നിവര്‍ പ്രസംഗിക്കും. ‘സമുദായം സാമൂഹിക ചരിത്രത്തില്‍’, ‘സമുദായം സമകാലിക സമൂഹത്തില്‍’, ‘എഫ്‌സിആര്‍എ’, ‘സമുദായ ശക്തീകരണ വര്‍ഷത്തിന്റെ പ്രസക്തി’, ‘കത്തോലിക്ക കോണ്‍ഗ്രസ്; സമുദായത്തിന്റെ ശബ്ദം’ എന്നീ വിഷയങ്ങളില്‍ യഥാക്രമം അഗസ്റ്റിന്‍ മൂങ്ങനാനിയില്‍, അഡ്വ.ജിജില്‍, ഫാ.ബിജോ കറുകപ്പള്ളി, ജോസ് മാത്യു പുഞ്ചയില്‍, സെബാസ്റ്റന്‍ പുരയ്ക്കല്‍ എന്നിവര്‍ ക്ലാസും ചര്‍ച്ചയും നയിക്കും.

സമുദായ ദിനാഘോഷത്തില്‍ ഓരോ ഇടവകയിലെയും ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനമധ്യേ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ ഇടയലേഖനം വായിക്കും. സമുദായ നേതാക്കള്‍ സമുദായദിന സന്ദേശം നല്‍കും. ദിവ്യബലിക്കുശേഷം കത്തോലിക്ക കോണ്‍ഗ്രസ് പതാക പള്ളികളില്‍ ഉയര്‍ത്തും. സമുദായ ശക്തീകരണ റാലി, സമുദായ നേതാക്കളയും സംസ്ഥാനതലത്തില്‍ അംഗീകാരം ലഭിച്ച വ്യക്തികളെയും ആദരിക്കല്‍, രക്തദാന സേന രൂപീകരണം-ഉദ്ഘാടനം, രക്തദാന സമ്മതപത്ര സ്വീകരണം എന്നിവ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *