ഗൂഡല്ലൂര്‍ ഭൂപ്രശ്‌നം: കോണ്‍ഗ്രസ് പ്രതിനിധി സംഘം മന്ത്രിമാരെ കണ്ടു

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ജന്‍മം ഭൂപ്രശ്‌നം പരിഹൃതമാക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി നീലഗിരിയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ചെന്നൈയില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ദേശീയ സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കോശി ബേബി, നേതാക്കളായ അനസ് എടലത്ത്, ഗോപി, ഷാജി ചെളിവയല്‍, അഷ്‌റഫ്, ശിവരാജ്, ഷാജി ഉപ്പട്ടി, യാസീന്‍ റാഫി, അസ്‌ലം എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിമാരെ കണ്ടത്.

ഭൂപ്രശ്‌നത്തില്‍ മുന്‍ ഡിഎംകെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയൂണ്ടായി. പൂര്‍ണമായും കര്‍ഷക ഹിതത്തിന് ഒത്തതായിരുന്നില്ല സത്യവാങ്മൂലം. ഈ പശ്ചാലത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ മന്ത്രിമാരെ കണ്ടത്.

 

സത്യവാങ്മൂലത്തിലെ കര്‍ഷക വിരുദ്ധമായ കാര്യങ്ങള്‍ തിരുത്തുക, 31,500 എക്കര്‍ തോട്ടം ഭൂമി വനമായി പ്രഖ്യാപിക്കാനുള്ള നീക്കം പിന്‍വലിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുക, അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം ലഭ്യമാക്കുക, ടിഎന്‍പിപിഎഫ് നിയമത്തിലെ ജനവിരുദ്ധ വ്യവസ്ഥകള്‍ പിന്‍വലിക്കുക, അഞ്ച് ഏക്കറില്‍ താഴെയുള്ള മുഴുവന്‍ പട്ടയഭൂമികളെയും ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുക, ഭൂപ്രശ്‌ന പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സംഘത്തെ നിയോഗിക്കുക, ജനങ്ങളുടെ പരാതികള്‍ സ്വതന്ത്രമായി കേള്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിനിധി സംഘം മന്ത്രിമാര്‍ മുമ്പാകെ ഉന്നയിച്ചു.

 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏഴ് എംഎല്‍എമാരടങ്ങിയ സംഘം ഗൂഡലൂരിലെത്തി ഭൂപ്രശ്‌നത്തില്‍

ജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കുകയും മുഖ്യമന്ത്രി എം.കെ. സ്റ്റാന്‍ലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ ഇപ്പോള്‍ മന്ത്രിസഭാംഗങ്ങളാണ്. ഇവരുടേതടക്കം ഇടപെടല്‍ ഗൂഡല്ലൂരിലെ കര്‍ഷകപ്രശ്‌നങ്ങളുടെ പരിഹാരത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *