മീനങ്ങാടി പഞ്ചായത്തിലെ ഒരപ്പുവയൽ ഭാഗത്ത് കടുവാ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഡ്രോൺ പറത്തി വനം വകുപ്പ്. എന്നാൽ, കടുവയെ കണ്ടെത്താനായില്ല. ഈ ഭാഗത്ത് വനം പോലെ കിടക്കുന്ന നിരവധി കൃഷിയിടങ്ങളുള്ളതാണ് പ്രശ്നമായിരിക്കുന്നത്.
ഒരു മാസം മുമ്പും ഒരപ്പുവയലിൽ കടുവാ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്നും വനം വകുപ്പ് നിരീക്ഷണം നടത്തി. പിന്നീട് കടുവ അരിമുള, പുതൂർ ഭാഗങ്ങളിലേക്ക് നീങ്ങി. ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും എത്തിയിട്ടുള്ളത്.
പ്രദേശത്ത് കൂട് വെക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാത്രികാല പരിശോധനയും നടത്തും.
സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ ആഷിക് അലി, ചെതലയം ഫോറസ്ററ് ഓഫീസർ എം. കെ. രാജീവ് കുമാർ, ഇരുളും ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂർ, കൽപ്പറ്റ ആർ.ആർ.ടിയിലെ പി.കെ. രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
