കല്‍പ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന് പുത്തുര്‍വയല്‍ നിലയത്തില്‍ കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്റെ പിന്തുണയോടെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുദിവസത്തെ ശാസ്ത്ര ക്യാമ്പ് (ശാസ്ത്ര സമീക്ഷ) സംഘടിപ്പിച്ചു. ശാസ്ത്രം, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യം, പുതിയ തൊഴിലവസരങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതിനായിരുന്നു പരിപാടി. ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രായോഗിക പരിശീലനം, വിദഗ്ധരുമായുള്ള സംവാദം, ചര്‍ച്ച എന്നിവ നടന്നു. ‘ശാസ്ത്രവും പ്രകൃതിയും’, ‘കാലാവസ്ഥാവ്യതിയാനവും ആഘാതങ്ങളും’, ‘പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം’, ‘സൂക്ഷ്മജീവികളും കൂണുകളും’, കരിയര്‍ ഗൈഡന്‍സ്’ എന്നീ വിഷയങ്ങളില്‍ ക്ലാസ് നടന്നു. എന്‍ഐടി കാലിക്കട്ട്, എസ്സിഇആര്‍.ടി, ഹ്യൂം സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരും എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിലെ ശാസ്ത്രജ്ഞരും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സമാപനദിനത്തിലെ സെഷന് പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട ഗവേഷകനുമായ പ്രഫ.ഇ. കുഞ്ഞിക്കൃഷ്ണന് നേതൃത്വം നല്കി. എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ ഡോ.നീരജ് ജോഷി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡോ. അര്‍ച്ചന ഭട്ട്, കെ.പി. ആയിഷ, എയ്ഞ്ചല്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
