സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും വരും മണിക്കൂറില്‍ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കാണ് നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്.
ഇന്നത്തെ മുന്നറിയിപ്പ് പ്രകാരം, 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വർധിപ്പിക്കും. കൂടാതെ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ഒഴിവാക്കുക.
ശക്തമായ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളതിനാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കേരളത്തില്‍ കാലവർഷം നാളെ എത്തും?
തെക്കു – പടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേയ്ക്കും, തെക്കു- കിഴക്കൻ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേയ്ക്കും, കന്യാകുമാരി പ്രദേശത്തേയ്ക്കും, തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ, മധ്യ-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്കും, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ 26ഓട് കൂടി കാലവർഷം എത്തിയേക്കുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.
തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി (cyclonic circulation) ഇപ്പോള്‍ തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേർന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും, സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റർ മുതല്‍ 5.8 കിലോമീറ്റർ വരെ ഉയരത്തിലായി സ്ഥിതി ചെയ്യുകയാണ്. തെക്കുപടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റർ മുതല്‍ 5.8 കിലോമീറ്റർ വരെ ഉയരത്തില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
25 ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട്.
26 (ചൊവ്വ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട്.
27 (ബുധൻ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട്.
28 (വ്യാഴം): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട്.
