കേരളത്തിൽ കനത്ത മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.

 

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്:

 

കന്യാകുമാരി പ്രദേശം: മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യത.

 

മറ്റ് തീരങ്ങള്‍: തെക്കന്‍ ഗുജറാത്ത് തീരം, പാകിസ്ഥാന്‍ തീരം, വടക്കന്‍ അറബിക്കടല്‍, സോമാലിയ തീരം, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

 

തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ് പ്രദേശം എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) വരും ദിവസങ്ങളില്‍ കൂടുതല്‍ മുന്നേറാനാണ് സാധ്യത. നിലവില്‍ തെക്കുകിഴക്കന്‍ അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉപരിതല ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *