മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍, ലിറ്ററിന് നാല് രൂപയുടെ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മില്‍മ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില വർധിക്കും.

വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങള്‍ക്ക് ജനുവരിയില്‍ വില വർധിപ്പിച്ചതിനാല്‍ പുതുക്കിയ നിരക്ക് ബാധകമാകില്ല. ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക് അംഗീകാരം നല്‍കിയത്.

കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തില്‍ പാല്‍ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായ സാഹചര്യത്തില്‍ വില വർധന നടപ്പാക്കിയിരുന്നില്ല.

സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിലെ 8 പേർ മാത്രമാണ് ഉത്തരവില്‍ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷവും സർക്കുലറില്‍ ഒപ്പിടുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ബോർഡ് യോഗം ചേർന്ന് വിലവർധനയ്ക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

പുതുക്കിയ വർധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലർമാർക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *